വിജയപ്രതീക്ഷയിൽ 3 മുന്നണികളും
Mail This Article
തൊടുപുഴ ∙ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ പോളിങ് കഴിഞ്ഞ തവണയിൽനിന്നു ഗണ്യമായി കുറഞ്ഞത് ആർക്കു ഗുണമാകുമെന്ന വിലയിരുത്തലിലാണ് മൂന്നു മുന്നണികളും. ജൂൺ 4നു ഫലം വരുന്നതുവരെ കൂട്ടലും കിഴിക്കലുമായി അന്വേഷണ പരമ്പര തന്നെയാണ് സ്ഥാനാർഥിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ നടത്താൻ മുന്നണികൾ ലക്ഷ്യമിടുന്നത്. മൂന്നു മുന്നണികളും വിജയപ്രതീക്ഷ കൈവിടുന്നില്ല. 35 ദിവസത്തിൽ കൂടുതൽ നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണം സ്ഥാനാർഥികളെ ക്ഷീണിപ്പിച്ചെങ്കിലും ജനവിധി എന്താകുമെന്ന് അറിയാനുള്ള ആവേശത്തിലാണ് പ്രവർത്തകർ.
ഒരു ലക്ഷത്തിന് മുകളിൽ തനിക്കു ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്നാണ് യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് പറയുന്നത്. ഇനിയുള്ള ദിവസങ്ങളിൽ മണ്ഡലത്തിലെ എല്ലായിടത്തും അവലോകന യോഗമുണ്ടാകുമെന്നും പാർട്ടി ചുമതലയേൽപിച്ചാൽ മറ്റു സംസ്ഥാനങ്ങളിൽ പ്രചാരണത്തിനിറങ്ങുമെന്നും സ്ഥാനാർഥി പറയുന്നു. വലിയ മണ്ഡലത്തിൽ ഓടിനടന്ന് പ്രചാരണം നയിച്ചതിന്റെ ക്ഷീണമുണ്ടെങ്കിലും വലിയ ശാരീരിക പ്രശ്നങ്ങളില്ലെന്നും ശരീരഭാരം കുറഞ്ഞോ എന്നു നോക്കിയിട്ടില്ലെന്നും ഡീൻ പറഞ്ഞു.
മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെയും പ്രതീക്ഷ. സിപിഎമ്മിന്റെ സംഘടനാ പ്രവർത്തനത്തിലൂടെ വോട്ടുകൾ കൃത്യമായി ബൂത്തിലെത്തിച്ചെന്നും പോളിങ് കുറഞ്ഞതൊന്നും വിജയത്തെ ബാധിക്കില്ലെന്നും ജോയ്സ് പറയുന്നു. പ്രവർത്തകരുടെ നേതൃത്വത്തിൽ അതിഗംഭീര പ്രചാരണമായിരുന്നെന്നും അതിന്റേതായ ക്ഷീണം ശരീരത്തിനുണ്ടെന്നും സ്ഥാനാർഥി പറഞ്ഞു. അഭിഭാഷകനായി പ്രാക്ടിസ് ചെയ്തിരുന്നതിനാൽ ഓഫിസ് വർക്കുകൾ ഒട്ടേറെ തീർക്കാനുണ്ടെന്നും വരുംദിവസങ്ങളിൽ അതിലേക്കായിരിക്കും കൂടുതൽ ശ്രദ്ധയെന്നും ജോയ്സ് കൂട്ടിച്ചേർത്തു.
വലിയ മണ്ഡലത്തിൽ ഓടിനടന്ന് 4 കിലോ ഭാരമാണ് എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന് കുറഞ്ഞത്. മോദിജിയുടെ വികസന മാജിക്കിൽ 3 ലക്ഷത്തിനു മുകളിൽ വോട്ടിന്റെ ഭൂരിപക്ഷമാണ് സ്ഥാനാർഥിയുടെ പ്രതീക്ഷ. ഇനിയുള്ള എല്ലാദിവസവും സമയം മണ്ഡലത്തിലുണ്ടാകുമെന്നും പ്രവർത്തകരെ വീണ്ടും കാണണമെന്നും മുന്നണിയുടെ കൂടുതൽ ഏകോപനമാണ് ലക്ഷ്യമെന്നും സംഗീത വിശ്വനാഥൻ പറയുന്നു.