ഇടുക്കി മെഡിക്കൽ കോളജിൽ വിദ്യാർഥി സമരം തുടരുന്നു
Mail This Article
ചെറുതോണി ∙ ഇടുക്കി മെഡിക്കൽ കോളജിൽ അടിയന്തരമായി പഠന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ നടത്തുന്ന രാപകൽ സമരം മൂന്നാം ദിനമായ ഇന്നലെയും തുടർന്നു. സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ പിഎയുമായി വിദ്യാർഥി പ്രതിനിധികൾ ഇന്നലെ തിരുവനന്തപുരത്തു നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. ഈ സാഹചര്യത്തിൽ സമരം ശക്തമായി തുടരുമെന്നു വിദ്യാർഥികൾ പറഞ്ഞു.
മുൻപ് നാലു തവണ സമരം നടത്തിയപ്പോൾ ഒത്തുതീർപ്പിനായി പറഞ്ഞ കാര്യങ്ങൾ വീണ്ടും ആവർത്തിക്കുക മാത്രമാണ് ചെയ്തതെന്നു വിദ്യാർഥികൾ പറഞ്ഞു. സമരത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരായ റോഷി അഗസ്റ്റിനും വീണാ ജോർജും തിരുവനന്തപുരത്ത് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. മെഡിക്കൽ കോളജിലെ ലാബുകളിലേക്കും ആശുപത്രിയിലേക്കും ആവശ്യമായ രോഗ നിർണയ ഉപകരണങ്ങളും പരിശോധനാ സാമഗ്രികളുമെല്ലാം എത്തിയിട്ടുണ്ടെന്നും ഇത് ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും വീണാ ജോർജ് അറിയിച്ചു. മെഡിക്കൽ കോളജിലെ ഫാക്കൽറ്റികളുടെ കുറവ് അടിയന്തരമായി പരിഹരിക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസിൽ നിന്ന് അറിയിച്ചു
പ്രശ്നം കിറ്റ്കോയുടെ അലംഭാവം
ഇടുക്കി മെഡിക്കൽ കോളജിന്റെയും ഹോസ്റ്റലുകളുടെയും നിർമാണ ജോലികൾ വൈകാൻ കാരണം അത് ഏറ്റെടുത്ത് നടത്തുന്ന സർക്കാർ ഏജൻസിയായ കിറ്റ്കോയുടെ അലംഭാവമാണെന്ന് ആരോപണം. 150 കോടിയിലധികം രൂപ കിറ്റ്കോയ്ക്ക് ഇതുവരെ നൽകി കഴിഞ്ഞു. വീണ്ടും പണം വേണമെന്നാവശ്യപ്പെട്ടാണ് ഇവർ ജോലികൾ വൈകിപ്പിക്കുന്നതെന്ന് പറയുന്നു. മെഡിക്കൽ കോളജ് വികസന സമിതിയിൽ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ഉണ്ടെങ്കിലും വിദ്യാർഥികളെ ബാധിക്കുന്ന കാര്യങ്ങളിൽ ചെറുവിരൽ പോലും അനക്കുന്നില്ല.
കോന്നി കോളജിനെ കണ്ടുപഠിക്കണം
ഇടുക്കി മെഡിക്കൽ കോളജ് അധികൃതർ കോന്നി മെഡിക്കൽ കോളജിനെ കണ്ടു പഠിക്കണമെന്നാണു വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അപേക്ഷ. കഴിഞ്ഞ വർഷം തുടങ്ങിയ കോന്നി മെഡിക്കൽ കോളജിൽ ആവശ്യത്തിന് അധ്യാപകരെയും ജീവനക്കാരെയും നിയമിച്ചുകഴിഞ്ഞു. നിർമാണ പ്രവർത്തനങ്ങളെല്ലാം സമയബന്ധിതമായി പൂർത്തിയായി കഴിഞ്ഞു. നാലു നിലകളുള്ള കെട്ടിടത്തിന്റെ ഓരോ നിലയിലും ഫർണിഷിങ് നടത്തിയ ലക്ചറർ ഹാളുകളുണ്ട്. ലാബുകളും ലൈബ്രറിയുമെല്ലാം പൂർണസജ്ജമാണ്. അവിടെ ആശുപത്രിയിൽ ചികിത്സ തേടി രോഗികൾ തിരക്കുകൂട്ടുന്നു. ഇടുക്കിയിൽ എവിടെ ഇരുന്നു പഠിക്കുമെന്ന് കുട്ടികൾ ആകുലപ്പെടുന്നു.