ഒറ്റമഴയിൽ മുങ്ങും നെടുങ്കണ്ടം ടൗൺ
Mail This Article
നെടുങ്കണ്ടം∙ ഇക്കൊല്ലവും പരിഹാരമില്ലാതെ നെടുങ്കണ്ടം ടൗണിലെ വെള്ളക്കെട്ട്. വേനൽമഴയിൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന ടൗണിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ഓടകൾ വൃത്തിയാക്കുമെന്ന ധാരണ ഇത്തവണയും തെറ്റി. 15 വർഷത്തിലധികമായി ടൗണിലെ ഓടകൾ നിർമിച്ചിട്ട്. എന്നാൽ ഇതുവരെ ഓടകൾ വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. കനത്ത മഴയിൽ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നതു പതിവാണ്.
ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ പിഡബ്ല്യുഡിക്ക് കത്ത് നൽകിയെങ്കിലും ഓടകളുടെ ശുചീകരണം പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നു മറുപടി ലഭിച്ചു. ഒറ്റ മഴയിൽ നെടുങ്കണ്ടം - മൈനർസിറ്റി റോഡിലും പടിഞ്ഞാറേക്കവലയിലും കിഴക്കേക്കവലയിലും വെള്ളക്കെട്ടാണ്. കിഴക്കേക്കവലയിലും പടിഞ്ഞാറേക്കവലയിലും ഓടകൾ നിർമിച്ചിട്ടുണ്ടെങ്കിലും വെള്ളമൊഴുക്ക് സുഗമമല്ല. രൂക്ഷമായ വെള്ളക്കെട്ടുണ്ടാകുന്ന മൈനർസിറ്റി റോഡിൽ വെള്ളം ഒഴുകിപ്പോകാൻ യാതൊരു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.