കലുങ്ക് നിർമാണത്തിന് വല്ലാത്ത ‘വേഗം’; യാത്രാക്ലേശം രൂക്ഷം
Mail This Article
ചെറുതോണി∙ കലുങ്ക് നിർമാണം പാതിവഴിയിൽ നിലച്ചതോടെ പെരുമഴക്കാലത്ത് വിമലഗിരിയിൽ യാത്രാക്ലേശം രൂക്ഷം. വിമലഗിരി - അഞ്ചാനിപടി - പാണ്ടിപ്പാറ റോഡ് വികസനത്തിന്റെ ഭാഗമായി ചാപ്പാസിറ്റിയിലെ കലുങ്കിന്റെ പുനരുദ്ധാരണ ജോലികളാണ് നിലച്ചിരിക്കുന്നത്. തകർന്ന കലുങ്കിന്റെ നിർമാണം തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും പൂർത്തീകരിക്കാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ല. ഇതാണ് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇരുകൂട്ടിയിൽനിന്നു പെരിയാറിലേക്കൊഴുകുന്ന തോടിനു കുറുകെയാണ് കലുങ്കിന്റെ നിർമാണം. മഴക്കാലങ്ങളിൽ ശക്തമായ നീരൊഴുക്കുള്ള തോടാണിത്.
സ്കൂൾ ബസുകൾ കടന്നുപോകുന്ന വഴിയിൽ സ്കൂൾ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ കടന്നുപോകുന്നുമുണ്ട്. പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങളുടെ ഏക യാത്രാമാർഗവുമാണ് ഈ റോഡ്. നിർമാണ ജോലികൾ നിലച്ച് ഗതാഗതം തടസ്സപ്പെട്ടതോടെ കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലാണ്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ റോഡിന്റെ നിർമാണം നിലച്ചത് നാട്ടുകാരെ വല്ലാതെ ആശങ്കപ്പെടുത്തുന്നു. സ്കൂൾ വാഹനങ്ങളുടെ വഴി മുടങ്ങിയാൽ വിദ്യാർഥികളുടെ പഠനം പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. അധികാരികളും ജനപ്രതിനിധികളും ജനങ്ങളുടെ ദുരിതം തിരിച്ചറിയണമെന്നാണു നാട്ടുകാരുടെ ആവശ്യം.