മൂന്നാറിൽ കടല കൊറിക്കുമ്പോൾ ഓർക്കുക; കൊച്ചിയുടെ കടലിനെ
Mail This Article
തൊടുപുഴ∙ തിരുപ്പൂർ സ്വദേശി സെൽവം മൂന്നാറിൽ വിൽക്കുന്ന കടലയ്ക്ക് ഒരു ഫോർട്ട് കൊച്ചി ‘ടേസ്റ്റുണ്ട്’ ! കടല വറുക്കാൻ ഉപയോഗിക്കുന്ന മണൽ ഫോർട്ട് കൊച്ചി കടപ്പുറത്തു നിന്നു വാരിയതാണ്. ജില്ലയിൽ നിന്നു കൊച്ചിയിലേക്ക് മണലെടുക്കാൻ പോകുന്ന കടലക്കച്ചവടക്കാർ ഒട്ടേറെ എന്നാണ് സെൽവം പറയുന്നത്.കൊച്ചിയിൽ ആയിരുന്നു സെൽവം കടല വിറ്റിരുന്നത്. അന്നു കടപ്പുറത്തെ മണലാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ വിനോദസഞ്ചാരികൾ മൂന്നാറിലേക്ക് കൂടുതലായി എത്തിയതോടെ കട ഇവിടേക്ക് പറിച്ചു നട്ടു.
ആറ്റുതീരത്തെ മണലാണ് ആദ്യം ഉപയോഗിച്ചത്. പക്ഷേ, സെൽവത്തിന് തൃപ്തി ആയില്ല. കടലയുടെ കുഴപ്പമാണെന്നു കരുതി കച്ചവടക്കാരെ മാറ്റി പരീക്ഷിച്ചു. മണൽ മാറിയതാവാം കാരണം എന്നു തോന്നിയ സെൽവം അടുത്ത ബസിനു കൊച്ചിയിലെത്തി. കയ്യിൽ കരുതിയ ചാക്കിൽ കടപ്പുറത്തു നിന്ന് മണൽ നിറച്ച് മൂന്നാറിലേക്ക്. മണൽ കഴുകി വൃത്തിയാക്കി ചുട്ടെടുത്ത കടലയ്ക്ക് പഴയ രുചി ! പിന്നീട് സെൽവം കൊച്ചിയിലേക്കുള്ള യാത്ര പതിവാക്കി.