ADVERTISEMENT

തൊടുപുഴ ∙ കഴിഞ്ഞ മൂന്നു ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഡീൻ കുര്യാക്കോസിന്റെ ‘കൈ’ മുറുകെപ്പിടിച്ച തൊടുപുഴ നിയോജകമണ്ഡലം ഇത്തവണയും ഒപ്പം നിന്നു.‌ ഇടുക്കി മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം നൽകിയാണു കൈ പിടിച്ചിരിക്കുന്നത്. തൊടുപുഴയിൽ മാത്രം 33,620 വോട്ടിന്റെ ഭൂരിപക്ഷം കിട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 37,023 വോട്ടായിരുന്നു ഭൂരിപക്ഷം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ.ജോസഫിനു ലഭിച്ച 20,239 വോട്ടിന്റെ ഭൂരിപക്ഷത്തെക്കാൾ 13,381 വോട്ട് കൂടുതൽ ഇത്തവണ ഡീനിനു ലഭിച്ചു. തൊടുപുഴ നഗരസഭയിലും 12 പഞ്ചായത്തുകളിലും ഡീൻ കുര്യാക്കോസിനാണു ലീഡ്. പ്രധാനമായും കോൺഗ്രസും പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും മുസ്‌ലിം ലീഗും ഉൾപ്പെടെയുള്ള പാർട്ടികളുടെ ശക്തമായ പ്രവർത്തനവും വോട്ടായി.

തകർന്നടിഞ്ഞ്  സിപിഎം കോട്ട
∙ ഉടുമ്പൻചോല മണ്ഡലത്തിലും യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് 6760 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിന്റെ ഞെട്ടലിലാണു സിപിഎമ്മും എൽഡിഎഫും. 2021 മുതൽ സിപിഎം സ്ഥാനാർഥികൾ മാത്രം ജയിച്ച നിയമസഭാ മണ്ഡലമാണ് ഉടുമ്പൻചോല. 2021ൽ 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു മുൻ വൈദ്യുതി മന്ത്രി കൂടിയായ എം.എം.മണി ഇവിടെ നിന്നു വിജയിച്ചത്.  കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിലെ ആകെയുള്ള പത്തിൽ 9 പഞ്ചായത്തുകളിലും എൽഡിഎഫ് ഭരണം നേടി. 

യുഡിഎഫ് ഭരണം നേടിയ കരുണാപുരം പഞ്ചായത്തിലും പിന്നീട് കോൺഗ്രസ് അംഗം കൂടു മാറിയതിനെത്തുടർന്ന് എൽഡിഎഫിനു ഭരണം ലഭിച്ചു. എന്നാൽ സിപിഎം ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ വോട്ട്ചോർച്ചയുണ്ടായി എന്നതാണ് ഇത്തവണത്തെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.  സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായ ശാന്തൻപാറ, സേനാപതി, രാജാക്കാട്, നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളിൽ പാർട്ടിവോട്ടുകളിൽ ചോർച്ചയുണ്ടായി എന്നാണു പാർട്ടിയുടെ വിലയിരുത്തൽ. 

ദേവികുളം ഗെയിംപ്ലാൻ സക്സസ്
∙ ദേവികുളം നിയോജകമണ്ഡലത്തിൽ 12,393 വോട്ടുകളുടെ ഭൂരിപക്ഷം നേടി തോട്ടം മേഖലയിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ തേരോട്ടം. അടിമാലി, വെള്ളത്തൂവൽ ഉൾപ്പെടുന്ന കാർഷികമേഖലകളിലും മൂന്നാർ, ദേവികുളം ഉൾപ്പെടുന്ന തോട്ടം മേഖലകളിലും ഒരുപോലെ ഭൂരിപക്ഷം നിലനിർത്തി.  70.88% പോളിങ് രേഖപ്പെടുത്തിയ 2019ലെ തിരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിനു മണ്ഡലത്തിൽ 24,036 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇക്കുറി 6 ശതമാനത്തോളം പോളിങ് കുറഞ്ഞു. ഇത് അനുകൂലമാകും എന്ന വിലയിരുത്തലാണ് എൽഡിഎഫ് നേതാക്കൾക്ക് ഉണ്ടായിരുന്നത്. എന്നാൽ എൽ‍ഡിഎഫിന്റെ പ്രതീക്ഷകൾ തകിടം മറിച്ചാണു പോളിങ് ശതമാനം കുറഞ്ഞിട്ടും തിളക്കമാർന്ന ഭൂരിപക്ഷം ഡീൻ നേടിയത്.

ഇടുക്കിയിൽ തട്ടിവീണ് എൽഡിഎഫ്
∙ മുകൾപ്പരപ്പിൽ ശാന്തമെന്നു തോന്നിച്ചെങ്കിലും അടിത്തട്ടിൽ ശക്തമായിരുന്ന ഭരണവിരുദ്ധ വികാരത്തിൽ തട്ടി ഇടതുമുന്നണി ഇത്തവണയും ഇടുക്കിയിൽ നിലംപരിശായി. 15,595 വോട്ടിന്റെ ഭൂരിപക്ഷമാണു യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിനു മണ്ഡലത്തിൽ നിന്നു ലഭിച്ചത്. കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണയിൽ ജോയ്സ് ലീഡ് നേടുമെന്ന് ഉറപ്പിച്ചിരുന്ന ഇടതുനേതൃത്വത്തിനു കനത്ത പ്രഹരമായി തിരഞ്ഞെടുപ്പുഫലം.  മന്ത്രി റോഷി അഗസ്റ്റിനു ഈ തോൽവിയിൽ നിന്നു കൈ കഴുകാനാവില്ല.

അതേ സമയം കേരള കോൺഗ്രസ് മാണി വിഭാഗവും 2001 മുതൽ ഇവിടെ നിന്നു ജനപ്രതിനിധിയായിരുന്ന റോഷിയും മുന്നണി വിട്ടെങ്കിലും തങ്ങളുടെ ശക്തി ചോർന്നിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്ന യുഡിഎഫിനു വലിയ ആത്മവിശ്വാസം നൽകുന്നതാണു ഭൂരിപക്ഷം.  ഭരണവിരുദ്ധവികാരം തന്നെയാണ് ഇടുക്കിയിൽ ഗതി നിർണയിച്ചതെന്നു വ്യക്തം. എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥനു ലഭിച്ച 14,680 വോട്ട് ഇതുവരെയുള്ള തിരഞ്ഞെടുപ്പുചരിത്രത്തിൽ മുന്നണിയുടെ എറ്റവും വലിയ നേട്ടമായി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ 10,891 വോട്ടായിരുന്നു ഇതിനു മുൻപുള്ള റെക്കോർഡ്.

പീരുമേടിന്റെ ലീഡ് സൗന്ദര്യം
∙ പീരുമേട് നിയോജകമണ്ഡലത്തിൽ ഡീൻ കുര്യാക്കോസിനു 14,641 വോട്ടിന്റെ ഭൂരിപക്ഷം. മണ്ഡലത്തിലെ 9 പഞ്ചായത്തുകളിലും യുഡിഎഫ് ലീഡ് നേടി. ഡീൻ കുര്യാക്കോസിന് 58,264 വോട്ടുകൾ ലഭിച്ചപ്പോൾ ജോയ്സ് ജോർജ് 43,623 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ 11,304 വോട്ട് പിടിച്ചു. 1835 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പീരുമേട്ടിൽ എൽഡിഎഫ് സ്ഥാനാർഥി വാഴൂർ സോമൻ വിജയിച്ചത്. സോമന്റെ വിജയത്തിനു നിർണായക സംഭാവന ചെയ്ത വണ്ടിപ്പെരിയാർ, പീരുമേട് പഞ്ചായത്തുകളിൽ ഉൾപ്പെടെ ഡീൻ ലീഡ് നേടി. 

തോട്ടം മേഖലയിലെ സിഐടിയു, എഐടിയുസി യൂണിയനുകളുടെ ശക്തികേന്ദ്രങ്ങളിൽ പോലും ഡീൻ മേധാവിത്വം പുലർത്തി. എൽഡിഎഫ് ഭരിക്കുന്ന ചക്കുപള്ളം, കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, കൊക്കയാർ, ഉപ്പുതറ, അയ്യപ്പൻകോവിൽ പഞ്ചായത്തുകളിൽ വ്യക്തമായ ആധിപത്യം യുഡിഎഫ് നേടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫ് നേടിയ 23,380 വോട്ടിന്റെ ഭൂരിപക്ഷത്തെ ഇത്തവണ തങ്ങൾക്കു പ്രതിരോധിക്കാൻ കഴിഞ്ഞു എന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്.

ഡീനിന് കോതമംഗലത്ത് വോട്ടിൽ നേരിയ കുറവ്
∙ കോതമംഗലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് 20,487 വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്. 2019ൽ 20,596 ആയിരുന്നു ഭൂരിപക്ഷം. 109 വോട്ടുകൾ മാത്രമാണു കഴിഞ്ഞ തവണത്തേതിനെക്കാൾ ഡീനിനു കുറവുണ്ടായത്. എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജിന് 42,910, എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥന് 11,497 എന്നിങ്ങനെ വോട്ടുകളാണു മണ്ഡലത്തിൽ നിന്നു ലഭിച്ചത്.

മൂവാറ്റുപുഴയിലും അൽപം കുറഞ്ഞു
∙ ഡീൻ കുര്യാക്കോസിനു മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ 27,620 വോട്ടിന്റെ ഭൂരിപക്ഷമാണു ലഭിച്ചത്. ആകെ പോൾ ചെയ്‌ത 1,29,189 വോട്ടിൽ ഡീൻ കുര്യാക്കോസിന് 69,981 വോട്ടും ജോയ്‌സ് ജോർജിനു 42,361 വോട്ടും എൻഡിഎ സ്‌ഥാനാർഥി സംഗീത വിശ്വനാഥിന് 13248 വോട്ടും ലഭിച്ചു. ഡീനിന്റെ ലീഡ് 27,620.  2019ൽ 78,799 വോട്ടാണു ഡീൻ കുര്യാക്കോസിനു ലഭിച്ചത്. ഇക്കൊല്ലം അത് 69,981 വോട്ടായി കുറഞ്ഞു. 8,818 വോട്ടുകളുടെ കുറവ്. ജോയ്‌സ് ജോർജിനു 2019ൽ 46,260 വോട്ടു ലഭിച്ചിരുന്നു. ഇത്തവണ അത് 42,361 ആയി കുറഞ്ഞു. 3899 വോട്ടുകളുടെ കുറവുണ്ടായി. മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും നഗരസഭയിലും ഡീൻ കുര്യാക്കോസ് ലീഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com