കേരള കോൺഗ്രസിനും ജോസഫിനും പകവീട്ടലിന്റെ പകൽ
Mail This Article
തൊടുപുഴ∙ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ.ജോസഫ് വിജയിച്ചെങ്കിലും തൊടുപുഴയിൽ വലിയ തോതിൽ ആഹ്ലാദപ്രകടനങ്ങൾ ഉണ്ടായിരുന്നില്ല. തുടർഭരണത്തിനു പുറമേ കേരള കോൺഗ്രസ് മത്സരിച്ച 10 സീറ്റുകളിൽ എട്ടിൽ തോറ്റ വിഷമത്തിലാണ് അന്നു പ്രവർത്തകർ കിടന്നുറങ്ങിയത്. ഈ പരാജയത്തിന്റെ പേരിൽ ഏറെ പഴികേട്ട കേരള കോൺഗ്രസിനും പി.ജെ.ജോസഫിനും ഇന്നലെ പകവീട്ടലിന്റെ പകലായിരുന്നു. കേരള കോൺഗ്രസ് പാർട്ടി ഇനി കുതിച്ചുയരില്ലെന്നു വരെയുള്ള കുറ്റപ്പെടുത്തലുകൾക്കെതിരെ ജോസഫോ പാർട്ടിയോ പ്രതികരിച്ചിരുന്നില്ല. പക്ഷേ, കേരള കോൺഗ്രസ് തട്ടകമായ കോട്ടയത്തും ഇടുക്കിയിലും വിജയക്കൊടി പാറിച്ചാണ് പ്രതികാരം വീട്ടിയത്. കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ് സീറ്റിൽ ഫ്രാൻസിസ് ജോർജിലൂടെയാണ് വിജയം കയ്യടക്കിയത്.
തൊടുപുഴയിൽ ഡീൻ കുര്യാക്കോസിന്റെ വിജയത്തിലും ജോസഫ് ഗ്രൂപ്പിന് അഭിമാനിക്കാം. 2014ലെ തോൽവിക്കു ശേഷം 2019ൽ തൊടുപുഴയിൽ വീണ്ടും മത്സരിക്കാനെത്തിയ ഡീൻ കുര്യാക്കോസിനെ വിജയിപ്പിച്ചേ അടങ്ങൂ എന്നു ശപഥം ചെയ്തു പ്രവർത്തിച്ചിരുന്നു ജോസഫ്. 2024 എത്തിയപ്പോഴും ഡീനിനെ ചേർത്തുപിടിച്ചിരുന്നു കേരള കോൺഗ്രസ്. ഇടുക്കിയിലെ വിജയം തങ്ങൾക്ക് തട്ടകത്തിൽ നൽകുന്ന ഊർജം എത്രത്തോളം വലുതാണെന്ന് അറിഞ്ഞാണ് ഓരോ പ്രവർത്തകരും പ്രവർത്തിച്ചത്. കോട്ടയത്തെ പാർട്ടി ഓഫിസിലാണ് ജോസഫ് ഫലം കണ്ടത്. ഇടയ്ക്ക് ഇടുക്കിയിലെ ലീഡ് നില നോക്കും. രണ്ടിടത്തും ജയം ഉറപ്പായപ്പോൾ വലിയ ചിരി. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിച്ചത് തൊടുപുഴ നിയോജകമണ്ഡലത്തിലാണ്.