ADVERTISEMENT

മൂന്നാർ∙ വന്യമൃഗങ്ങളുടെ ഭീഷണിയെ തുടർന്ന് ഇടമലക്കുടി ട്രൈബൽ സ്കൂളിൽ കുട്ടികൾ എത്താതായതോടെ കുട്ടികളെ എത്തിക്കാൻ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ് രംഗത്ത്. പഠനം ഉപേക്ഷിച്ചവരും ഒന്നാം ക്ലാസിൽ ചേരാൻ മടിച്ച് വീടുകളിൽ കഴിയുന്നവരുമായ കുട്ടികളെ സ്കൂളിൽ എത്തിക്കാൻ 3 അധ്യാപകരെ ഇതിനായി ചുമതലപ്പെടുത്തി.  ബ്രിജ് കോഴ്സിലെ 2 കുടിനിവാസികളായ അധ്യാപകരും ട്രൈബൽ എൽപി സ്കൂളിലെ ഒരു അധ്യാപകനുമാണ് ചുമതല. ഇന്നലെ രാവിലെ മുതൽ മൂവരും വിവിധ സെറ്റിൽമെന്റുകളിലുള്ള വീടുകൾ സന്ദർശിച്ചു തുടങ്ങി. പഴയ ഹോസ്റ്റൽ കെട്ടിടം ആറു മാസം മുൻപ് കാട്ടാനക്കൂട്ടം തകർത്തതിനെ തുടർന്ന് കുട്ടികൾ താമസ സൗകര്യമില്ലാതെ വീടുകളിലേക്ക് മടങ്ങിയിരുന്നു. അധ്യാപകരുടെ ശ്രമഫലമായി മടങ്ങിയെത്തുന്ന കുട്ടികൾക്കായി പഴയ സ്കൂൾ കെട്ടിടത്തിൽ ഹോസ്റ്റൽ സൗകര്യം തയാറാക്കിയിട്ടുണ്ട്. 

കടുവ, കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം മൂലം ഇത്തവണ ഒന്നാം ക്ലാസിൽ 11 കുട്ടികളാണ് പ്രവേശനം നേടിയത്. ഹോസ്റ്റൽ സൗകര്യമില്ലാത്തതു കാരണം ഒട്ടേറെ കുട്ടികൾ പഠനം ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് അധ്യയന വർഷം ആരംഭിച്ചിട്ടും സ്കൂളിൽ കുട്ടികൾ എത്താതായത്. ഇതു സംബന്ധിച്ച് മനോരമ കഴിഞ്ഞ ദിവസം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.  വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടറുടെ നേതൃത്വത്തിൽ സർവശിക്ഷ കേരള, പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് ,പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ കുട്ടികളെ എത്തിക്കുന്നതിനുള്ള നടപടികളെടുത്തത്.  ദിവസേന വീടുകളിൽനിന്നു പോയിവരുന്ന കുട്ടികളെ കൊണ്ടുവരാനും വിടാനും 2 വൊളന്റിയർമാരെ നിയമിക്കുന്നത് സംബന്ധിച്ചും ചർച്ച നടന്നു. ഈ വർഷം നാലു വരെ 65 കുട്ടികളും 5 മുതൽ 7വരെ (ബ്രിജ് കോഴ്സ്) 10 കുട്ടികളുമാണ് ഇത്തവണ ഇടമലക്കുടിയിൽ പഠിക്കുന്നത്. മുൻവർഷങ്ങളിൽ നൂറിലേറെ കുട്ടികളുണ്ടായിരുന്നു.

English Summary:

Edamalakkudy Tribal School

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com