എംപി ഫണ്ട് അനുവദിച്ചപ്പോൾ വേണ്ട, റീ ബിൽഡ് കേരള ഉണ്ടെന്നു പറഞ്ഞു എന്നിട്ട് എവിടെ?
Mail This Article
അടിമാലി∙ കള്ളക്കുട്ടി കുടിയിലേക്കുള്ള റോഡിൽ നല്ലതണ്ണി ആറിന് കുറുകെ പാലം പണിയുന്നതിന് ഡീൻ കുര്യാക്കോസ് എംപി അനുവദിച്ച ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ വേണ്ടെന്നു വച്ചു. പകരം സംവിധാനം പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ കുടി നിവാസികൾക്ക് നിർമിച്ച ഈറ്റപ്പാലത്തിലൂടെ ജീവൻ പണയപ്പെടുത്തിയാണ് ചിക്കണാംകുടി ഗവ. എൽപി സ്കൂളിലെ 10 കുട്ടികൾ യാത്ര ചെയ്യുന്നത്. പിഞ്ചു കുട്ടികളുടെ യാത്ര സുരക്ഷിതമാക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
2018ലെ പ്രളയത്തിലാണ് കള്ളിക്കുട്ടി കുടിയിലേക്കുള്ള നടപ്പാലം തകർന്നത്. പകരം പാലം നിർമാണം വൈകിയതോടെ കുടി നിവാസികൾക്ക് നിർമിച്ച താൽക്കാലിക ഈറ്റപ്പാലം നിർമിക്കുകയായിരുന്നു. യാത്ര ഞാണിന്മേൽ കളി ആയതോടെ കോൺക്രീറ്റ് പാലം നിർമിക്കുന്നതിന് എംപി ഫണ്ടിൽ പെടുത്തി ഡീൻ കുര്യാക്കോസ് 20 ലക്ഷം അനുവദിച്ചത്. നിർമാണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതോടെ സാങ്കേതിക അനുമതിക്കു വേണ്ടി ഇംപ്ലിമെന്റ് ഏജൻസിയായ ദേവികുളം ബ്ലോക്ക് പഞ്ചായത്തിന് ബന്ധപ്പെട്ടവർ കത്ത് നൽകി.
എന്നാൽ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കള്ളക്കുട്ടി കുടിയിൽ പാലവും റോഡും നിർമിക്കുന്നതിന് ടെൻഡർ നടപടി പൂർത്തീകരിച്ച് കരാറുകാരൻ എഗ്രിമെന്റ് വച്ചിട്ടുണ്ടെന്ന കാരണം നിരത്തി എംപി ഫണ്ട് റദ്ദാക്കണമെന്ന് ഇംപ്ലിമെന്റിങ് ഏജൻസിയായ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ എംപി ഫണ്ട് റദ്ദാക്കി. റീബിൽഡ് കേരളയിൽപെടുത്തിയുള്ള നിർമാണ ജോലികൾ തുടങ്ങാനുമായിട്ടില്ല. വേനൽ കാലത്ത് പുഴയിൽ വെള്ളം ഇല്ലാത്തതിനാൽ കുടി നിവാസികൾ പുഴ ഇറങ്ങി കടന്നാണ് യാത്ര ചെയ്തിരുന്നത്. കാലവർഷം ആരംഭിച്ചതോടെ പുഴയിൽ വെള്ളത്തിന്റെ കുത്തൊഴുക്ക് വർധിച്ചിരിക്കുകയാണ്. ഇതോടെ മുറിച്ചു കടക്കാൻ ആദിവാസി സമൂഹം വീണ്ടും ഇവിടെ ഈറ്റപ്പാലം നിർമിച്ചിരിക്കുകയാണ്.