ADVERTISEMENT

തൊടുപുഴ∙ മഴക്കാർ കണ്ടാൽ വൈദ്യുതി മുടങ്ങുന്ന തെക്കുംഭാഗം, അഞ്ചിരി, ആനക്കയം മേഖലയിലെ ജനങ്ങളുടെ ദുരിതം തീർക്കാൻ അവസാന വഴിയായി നവകേരള സദസ്സിൽ നൽകിയ പരാതിയും അവഗണിച്ച് അധികൃതർ. പറമ്പുകളിലൂടെ പോകുന്ന 11 കെവി ലൈൻ റോഡിലൂടെ മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ നാട്ടുകാർ പരാതി നൽകിയിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ല. 

തെക്കുംഭാഗം–അയ്യമ്പാറ മുതൽ അഞ്ചിരി ട്രാൻസ്ഫോമർ വരെയുള്ള ഒരു കിലോമീറ്ററോളം ഭാഗത്ത് റബർ തോട്ടത്തിലൂടെയും മറ്റു കൃഷിയിടിങ്ങളിലൂടെയുമാണ് ലൈൻ കടന്നുപോകുന്നത്. അതിനാൽ തന്നെ ചെറിയ കാറ്റടിച്ചാൽ പോലും വൈദ്യുതി നിലയ്ക്കുന്ന സ്ഥിതിയാണ്. മഴക്കാലം ആരംഭിച്ചതോടെ മിക്ക സമയത്തും വൈദ്യുതി മുടക്കം പതിവാണ്. രാത്രിയിലാണ് വൈദ്യുതി നിലയ്ക്കുന്നതെങ്കിൽ പിറ്റേന്നാകും ജീവനക്കാരെത്തി തടസ്സം നീക്കം ചെയ്യാൻ. 

ഈ ഭാഗത്തു കൂടി നാലര പതിറ്റാണ്ട് മുൻപ് സ്ഥാപിച്ചതാണ് വൈദ്യുതി ലൈൻ. തെക്കുംഭാഗം മുതൽ അയ്യമ്പാറ വരെയുള്ള ഭാഗത്ത് ഏതാനും വർഷം മുൻപ് പറമ്പിലൂടെ വലിച്ചിരുന്ന ലൈൻ റോഡിലൂടെ മാറ്റിസ്ഥാപിച്ചു. എന്നാൽ ബാക്കി ഭാഗത്തെ അര നൂറ്റാണ്ട് പഴക്കമുള്ള വൈദ്യുതി കമ്പികൾ പോലും മാറ്റിസ്ഥാപിക്കാൻ നടപടിയുണ്ടായിട്ടില്ല. ഇതിനു പുറമേയാണ് റബർ തോട്ടത്തിലൂടെയും വാഴ, തെങ്ങ് തുടങ്ങിയ കൃഷി സ്ഥലങ്ങൾക്ക് ഇടയിലൂടെ വലിച്ചിരിക്കുന്ന ലൈൻ. 11 കെവി ലൈൻ കടന്നുപോകുന്ന ഭാഗത്തെ സ്ഥലമുള്ള കർഷകരും ഭീതിയിലാണ്. 

എം.എം.മണിക്കും പരിഹരിക്കാനായില്ല
മേഖലയിലെ വൈദ്യുതി പ്രതിസന്ധിക്കെതിരെ എം.എം.മണി വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ സംഘടിപ്പിച്ച വൈദ്യുതി അദാലത്തിൽ നാട്ടുകാർ പരാതി നൽകിയിരുന്നു. അന്ന് ഉദ്യോഗസ്ഥർ എത്തി മാറ്റേണ്ട ഭാഗത്തെ പോസ്റ്റുകളുടെ എണ്ണവും ദൂരവും ഉൾപ്പെടെ തയാറാക്കി അദാലത്തിൽ നൽകിയിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച   തുടർ നടപടികളുണ്ടായില്ല. ഇതിനു ശേഷമാണ് തൊടുപുഴയിൽ നടന്ന നവകേരള   സദസ്സിൽ പരാതി നൽകിയത്. പരാതി സംബന്ധിച്ച് തുടർ നടപടികൾ ആരംഭിച്ചതായി കാട്ടി ബന്ധപ്പെട്ട എൻജിനീയർമ‍ാർ പരാതിക്കാരെ അറിയിച്ചതല്ലാതെ പിന്നീട് നടപടികൾ ഉണ്ടായില്ല. മഴക്കാലം ആരംഭിച്ചതോടെ വീണ്ടും നാട്ടുകാർ മിക്ക ദിവസവും ഇരുട്ടിൽ കഴിയേണ്ട സ്ഥിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com