ADVERTISEMENT

തൊടുപുഴ∙ ഇടുക്കി  ജില്ലയുടെ വികസന പ്രവർത്തനങ്ങൾ‌ക്കായി 2021 നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ കട്ടപ്പനയിൽ  പ്രഖ്യാപിച്ചത് 12000 കോടി രൂപയുടെ ഇടുക്കി പാക്കേജ്. 2022-23, 2023-24, 2024-25 വർഷങ്ങളിലെ ബജറ്റിലൂടെ പ്രതിവർഷം 75 കോടി രൂപ വീതം 225 കോടി രൂപ പ്രഖ്യാപിച്ചു. എന്നാൽ,  3 വർഷത്തിൽ ഇടുക്കി പാക്കേജിൽ നിന്നു ജില്ലയിലെ വികസന പ്രവർത്തനങ്ങൾക്കു ഭരണാനുമതി ലഭിച്ചതു 41.35 കോടി രൂപയുടെ പ്രവൃത്തികൾക്കു മാത്രം !. 

ജില്ലയോടു സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണന ഇതിൽ നിന്ന്  വ്യക്തം. നിയമസഭയിൽ പി.ജെ.ജോസഫ് എംഎൽഎയുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നൽകിയ കണക്കാണിത്. ബജറ്റിൽ 75 കോടി വീതം നൽകിയിട്ടും വന്യമൃഗശല്യം, വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന വികസനം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ വികസനം, റോഡ് വികസനം തുടങ്ങിയ കാര്യങ്ങളിലേക്ക് തുക വിനിയോഗിച്ചിട്ടില്ല.

2022-23 വർഷത്തിൽ 5 പദ്ധതികൾക്കും 2023–24 വർഷത്തിൽ 3 പദ്ധതികൾക്കുമാണ് ഭരണാനുമതി നൽകിയത്.എത്ര വർഷത്തിൽ ഇടുക്കി പാക്കേജ് പൂർത്തിയാക്കുമെന്ന ചോദ്യത്തിന് കാലാവധി നിശ്ചയിച്ചിട്ടില്ലെന്നാണ് മറുപടി.(ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ പദ്ധതികൾ, അനുവദിച്ച തുക, നിലവിലെ സ്ഥിതി)

2022-2023
∙ മാതൃകാ മൈക്രോ വാട്ടർഷെഡ് വികസന പദ്ധതി, 2 കോടി രൂപ, ഒരിടത്തും പൂർത്തിയായിട്ടില്ല.
∙ വണ്ടിപ്പെരിയാർ കനാൽ നവീകരണവും വെള്ളപ്പൊക്ക സംരക്ഷണ പ്രവർത്തനങ്ങളും, 2 കോടി രൂപ, ആകെ മണ്ണ് പരിശോധന മാത്രം നടത്തി.
∙ ഇടുക്കി ഗവ എൻജിനീയറിങ് കോളജിലെ ജിം ഉൾപ്പെടെയുള്ള നിർമാണം, 2 കോടി രൂപ, രൂപരേഖ പോലും തയാറായിട്ടില്ല.
∙ ഏലപ്പാറ ചെമ്മണ്ണ് സർക്കാർ ഹൈസ്കൂൾ അടിസ്ഥാന വികസനം, 3 കോടി രൂപ, രൂപരേഖ തയാറല്ല.
∙ ഇടുക്കി ഡാം റിസർവോയറിൽ ടൂറിസ്റ്റ് ബോട്ടിങ് സൗകര്യം, 1.20 കോടി രൂപ, സാങ്കേതിക സമിതി രൂപീകരണത്തിൽ ഒതുങ്ങി.

2023-2024
∙ ഉടുമ്പൻചോല ഗവ ആയുർവേദ മെഡിക്കൽ കോളജിന്റെ വികസനം, 10 കോടി രൂപ, മണ്ണ് പരിശോധന മാത്രം നടത്തി.
∙ പൈനാവിൽ ഹോസ്റ്റൽ നിർമാണം, 7 കോടി രൂപ, സ്ഥലമേറ്റെടുപ്പ് പൂർത്തിയായില്ല.
∙ മനുഷ്യ–മൃഗ സംഘർഷ മേഖലകളിൽ സോളർ ഫെൻസിങ് സ്ഥാപിക്കൽ, 2.23 കോടി രൂപ, റീ ടെൻഡർ വിളിച്ച് പ്രവൃത്തി ആരംഭിക്കണം.

 ഈ വർഷം ഭരണാനുമതി ലഭിച്ചത് 6 പദ്ധതികൾക്ക്
∙ 2024-25 വർഷത്തിൽ ഇടുക്കി പാക്കേജിൽ ഭരണാനുമതി ലഭിച്ച 6 പദ്ധതികൾക്കായി 11.96 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കട്ടപ്പന സർക്കാർ കോളജിൽ ആധുനിക ലാബിന്റെ നിർമാണത്തിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മനുഷ്യ–മൃഗ സംഘർഷ മേഖലകളിൽ മിനി മാസ്റ്റ് ലൈറ്റ്, പിന്നാക്ക പ്രദേശങ്ങളിൽ 10 മാതൃകാ അങ്കണവാടികൾ, വിവിധ പാലങ്ങളുടെ നിർമാണം പൂർത്തിയാക്കൽ എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com