അമ്മായിയമ്മയെയും കുഞ്ഞിനെയും തീകൊളുത്തിയ സംഭവം: അമ്മായിയമ്മ താമസിക്കുന്ന വീടിനും പ്രതി തീയിട്ടു
Mail This Article
ചെറുതോണി ∙ ഇടുക്കി പൈനാവിൽ ഭാര്യാമാതാവിനെയും ഭാര്യാസഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാൾ ഒളിവിലിരിക്കെ വീണ്ടുമെത്തി ഇവരുടെ വീടുകൾക്കു തീയിട്ടു. സംഭവത്തിൽ പ്രതി കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷ് ഫൽഗുനനെ (54) പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം അഞ്ചിനാണു സന്തോഷ് ഭാര്യാമാതാവ് പൈനാവ് 56 കോളനിയിൽ കൊച്ചുമലയിൽ അന്നക്കുട്ടിയെയും (62) അന്നക്കുട്ടിയുടെ മകൻ ലിൻസിന്റെ രണ്ടര വയസ്സുള്ള മകൾ ലിയയെയും പെട്രോളൊഴിച്ചു തീ കൊളുത്തിയത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ ഭർത്താവാണു സന്തോഷ്. അന്നക്കുട്ടി ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ലിയ കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്.
അന്നത്തെ സംഭവശേഷം തമിഴ്നാട്ടിലേക്കു കടന്ന സന്തോഷിനെ പൊലീസിനു കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു സന്തോഷ് പൈനാവിലെത്തി അന്നക്കുട്ടിയും ലിൻസും താമസിച്ചിരുന്ന വാടകവീടിനു തീയിട്ടത്. അന്നക്കുട്ടിയുടെ മൂത്ത മകൻ പ്രിൻസ് താമസിച്ചിരുന്ന സമീപത്തെ വീടിനും തീയിട്ടു. രണ്ടിടത്തും ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അന്നക്കുട്ടി മടങ്ങിയെത്തിയെന്നു കരുതിയാണു സന്തോഷ് അതിക്രമം നടത്തിയതെന്നു ജില്ലാ പൊലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ് പറഞ്ഞു.
അമ്മയുടെ നിർദേശപ്രകാരം വിദേശത്തേക്കു ജോലിക്കുപോയ പ്രിൻസി, സന്തോഷ് വിളിച്ചാൽ ഫോൺ എടുക്കാതിരുന്നതും വിവാഹമോചനം ആവശ്യപ്പെട്ടതുമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു. ബൈക്കിൽ തമിഴ്നാട്ടിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ മുന്തൽ ചെക്ക്പോസ്റ്റിൽ തമിഴ്നാട് പൊലീസ് ഇയാളെ തടഞ്ഞുവച്ച് ഇടുക്കി പൊലീസിനു കൈമാറുകയായിരുന്നു. ഇടുക്കി ഡിവൈഎസ്പി സാജു വർഗീസ്, എസ്എച്ച്ഒ എം.പി.എബി എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്.