നെടുങ്കണ്ടത്ത് നടക്കാൻ വയ്യ, തെരുവുനായ ശല്യം രൂക്ഷം; ജനം ആശങ്കയിൽ, നടപടിയില്ല
Mail This Article
നെടുങ്കണ്ടം∙ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കൾ കാൽനടയത്രക്കാർക്കും ഇരുചക്രയാത്രികർക്കും ഒരു പോലെ ഭീഷണിയാവുകയാണ്. പ്രഭാതനടത്തത്തിനായി ഇറങ്ങുന്നവരും പുലർച്ചെ ആരാധനാലയങ്ങളിൽ പോകുന്നവരും തെരുവുനായ്ക്കളെ പേടിച്ച് വടിയുമായാണ് ഇറങ്ങുന്നത്. നഗരത്തിനുള്ളിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികാരികൾ വേണ്ട നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നായകളുടെ പ്രജനന നിയന്ത്രണത്തിനായി നെടുങ്കണ്ടം ബ്ലോക്ക് തലത്തിൽ എബിസി സെന്റർ സ്ഥാപിക്കാൻ നടപടി തുടങ്ങിയിരുന്നെങ്കിലും പ്രാദേശിക എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു.
നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഇവ മാലിന്യം വലിച്ചിഴച്ച് കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുന്നതും പതിവായിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും അറവു മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതും നായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നുണ്ട്. കുടുംബശ്രീയുടെ സഹകരണത്തോടെ തെരുവുനായ്ക്കളെ വന്ധീകരിച്ച് തുറന്നുവിടുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നെങ്കിലും പാതിവഴിയിൽ നിലച്ച മട്ടാണ്. നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷൻ, താലൂക്ക് ആശുപത്രി പരിസരങ്ങളും ഇവയുടെ വിഹാരകേന്ദ്രമാണ്.