മഴയിലും തണുക്കാതെ ടൂറിസം; ഇടുക്കിയിലേക്ക് സന്ദർശകരുടെ ഒഴുക്ക്
Mail This Article
രാജകുമാരി ∙ കാലവർഷം തുടങ്ങിയിട്ടും ജില്ലയിലേക്കു വിനോദസഞ്ചാരികളുടെ ഒഴുക്ക്. കനത്ത മഴ പെയ്യാത്തതാണു മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ജൂണിലും വിനോദസഞ്ചാരമേഖല സജീവമാകാൻ കാരണം. ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച മുതൽ ജില്ലയിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികളെക്കാെണ്ടു നിറഞ്ഞു. ഡിടിപിസിയുടെ കീഴിലുള്ള 9 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മാത്രം 38,997 സന്ദർശകരാണ് കഴിഞ്ഞ 3 ദിവസം എത്തിയത്. പ്രതികൂലമായ കാലാവസ്ഥ കണക്കിലെടുത്ത് വാഗമണ്ണിലെ ഗ്ലാസ്പാലത്തിൽ സഞ്ചാരികളെ കയറ്റുന്നതു താൽക്കാലികമായി വിലക്കി കഴിഞ്ഞ 30നു ടൂറിസം ഡയറക്ടറുടെ ഉത്തരവിറങ്ങിയിരുന്നു.
അതിനാൽ മൂന്നാർ, ചിന്നക്കനാൽ, മറയൂർ, കാന്തല്ലൂർ, പാെന്മുടി, രാമക്കൽമേട് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് കൂടുതൽ സഞ്ചാരികളും എത്തിയത്. മേയ് അവസാന ആഴ്ചയിൽ 4000 സഞ്ചാരികളാണ് ഗ്ലാസ്പാലം കാണാനെത്തിയത്. ഇൗ മേഖലയിൽ ഇപ്പോൾ മഴ കുറവായതിനാൽ ഗ്ലാസ്പാലം തുറക്കണമെന്നു വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവർ ആവശ്യപ്പെടുന്നു. കഴിഞ്ഞ സെപ്റ്റംബർ 7നു ഗ്ലാസ്പാലം സഞ്ചാരികൾക്കായി തുറന്നതിനു ശേഷം ഇൗ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികളെക്കാെണ്ടു നിറഞ്ഞിരുന്നു.
കൊളുക്കുമലയിലുണ്ട് അദ്ഭുതക്കാഴ്ചകൾ
∙ സമുദ്രനിരപ്പിൽ നിന്ന് 8000 അടി ഉയരെയുള്ള ഓർഗാനിക് ടീ എസ്റ്റേറ്റും മനോഹരമായ സൂര്യോദയക്കാഴ്ചകളുമാണു കാെളുക്കുമലയുടെ പ്രധാന ആകർഷണം. സൂര്യനെല്ലിയിൽ നിന്നു കാെളുക്കുമലയിലേക്കുള്ള 10 കിലോമീറ്ററോളം ദൂരം ഓഫ് റോഡ് ജീപ്പുകളിൽ മാത്രമേ സഞ്ചരിക്കാനാകൂ. 2500 രൂപയാണ് ഇവിടേക്കുള്ള ജീപ്പ് വാടക. നൂറിലധികം ജീപ്പുകളാണു സഞ്ചാരികൾക്കായി ഇവിടെ സർവീസ് നടത്തുന്നത്.
കാെളുക്കുമല കാണാൻ വൻതിരക്ക്
കഴിഞ്ഞ ശനി മുതൽ തിങ്കൾ വരെ 3970 സഞ്ചാരികളാണു ചിന്നക്കനാലിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കാെളുക്കുമലയിലെത്തിയത്. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി കാെളുക്കുമലയിലയിലേക്കുള്ള ജീപ്പ് സവാരി നിയന്ത്രിക്കുകയോ നിരോധിക്കുകയോ വേണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഇൗ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലാണ്. ഇതേ സമിതിയുടെ ശുപാർശയനുസരിച്ചാണ് 2023 ജൂലൈയിൽ ആനയിറങ്കലിലെ ബോട്ടിങ് നിരോധിച്ചത്. കാെളുക്കുമല ട്രെക്കിങ്ങിനും നിരോധനം വരാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് ഇവിടേക്കു ദൂരസ്ഥലങ്ങളിൽ നിന്നു പോലും സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്നത്.