ADVERTISEMENT

മറയൂർ ∙ കാന്തല്ലൂർ മേഖലയിൽ കാട്ടാനക്കൂട്ടം ഗ്രാമത്തിലും കൃഷിത്തോട്ടത്തിലും കയറി നാശം വരുത്തുന്നതിൽ പ്രതിഷേധിച്ചു വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.  കഴിഞ്ഞ ഒരു മാസമായി കാട്ടാനക്കൂട്ടങ്ങൾ കാന്തല്ലൂരിൽ വിവിധ പ്രദേശങ്ങളിൽ നാശം വരുത്തുകയാണ്. വനം വകുപ്പിന് പരാതിയിലൂടെയും ഫോണിലൂടെയും വിവരം അറിയിക്കുന്നുണ്ടെങ്കിലും കാട്ടാനയെ ഓടിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്നാണ് ഇന്നലെ പുത്തൂരിലെത്തിയ വനപാലകസംഘത്ത ജനം തടഞ്ഞത്. 



കാട്ടാനശല്യത്തിന്റെ പേരിൽ കാന്തല്ലൂർ പുത്തൂരിൽ വനപാലകരുടെ ജീപ്പ് നാട്ടുകാർ തടഞ്ഞപ്പോൾ സ്ഥലത്തെത്തിയ റേഞ്ച് ഓഫിസർ 

നാട്ടുകാരുമായി സംസാരിക്കുന്നു.
കാട്ടാനശല്യത്തിന്റെ പേരിൽ കാന്തല്ലൂർ പുത്തൂരിൽ വനപാലകരുടെ ജീപ്പ് നാട്ടുകാർ തടഞ്ഞപ്പോൾ സ്ഥലത്തെത്തിയ റേഞ്ച് ഓഫിസർ നാട്ടുകാരുമായി സംസാരിക്കുന്നു.

ശീതകാല പച്ചക്കറി കേന്ദ്രമായ പുത്തൂർ, പെരുമല, ഗുഹനാഥപുരം, കുളിച്ചവയൽ, കീഴാന്തൂർ മേഖലയിലാണ് കാട്ടാനകൾ കൂടുതലും  നാശം വരുത്തുന്നത്. രണ്ടു മാസത്തിനു മുൻപ് കാട്ടാനകളെ ഓടിക്കാൻ നാട്ടുകാരും വനപാലകരും ശ്രമം നടത്തിയെങ്കിലും ശാശ്വത പരിഹാരം  കാണാൻ കഴിഞ്ഞില്ല. അടിയന്തരമായി കാട്ടാനക്കൂട്ടത്തെ വനത്തിനുള്ളിലേക്ക് മാറ്റി സംരക്ഷണം നൽകാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.

കാട്ടാനശല്യം: ഫോറസ്റ്റ്  സ്റ്റേഷനിൽ സമരം നടത്തി
കുട്ടിക്കാനം ∙ കണയങ്കവയൽ, ചെറുവളളിക്കുളം, പാഞ്ചാലിമേട് പ്രദേശങ്ങളിലെ രൂക്ഷമായ കാട്ടാനശല്യത്തിൽ നിന്നു സംരക്ഷണം ആവശ്യപ്പെട്ട് ജനപ്രതിനിധികൾ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തി പ്രതിഷേധ സമരം നടത്തി. കാട്ടാനകൾ റോഡിൽ ഉൾപ്പെടെ ഇറങ്ങി നിൽക്കുന്നതു മൂലം സന്ധ്യ കഴിഞ്ഞാൽ യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് മേഖലയിൽ. 

വാഹനങ്ങൾ ഓട്ടം വിളിച്ചാൽ വരുന്നതിനു കൂട്ടാക്കുന്നില്ല. ഈ സാഹചര്യം ചൂണ്ടിക്കാട്ടി ആയിരുന്നു സമരം. രാത്രി 8.30 മുതൽ 11.30 വരെ പട്രോളിങ് നടത്തുമെന്നും, വനം വകുപ്പിന്റെ ദ്രുതകർമ സേനയുടെ സേവനം 24 മണിക്കൂർ ഉറപ്പാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഡൊമിന സജി, എബിൻ കുഴിവേലി മറ്റം, തോമസ് അറയ്ക്കപറമ്പിൽ പറമ്പിൽ, വി.സി.ജോസഫ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

കടുവയുടെ കാൽപാട്
വണ്ടിപ്പെരിയാർ ∙ മൂലക്കയം മാട്ടുപ്പെട്ടി പ്രദേശത്ത് കടുവയുടെ കാൽപാട് കണ്ടെത്തി. ജനവാസമേഖലയിൽ കടുവയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെ വനപാലകർ ക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ തങ്കമല, മൂലക്കയം, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ നിന്നായി പ്രദേശവാസികൾക്ക് രണ്ട് ഡസനിലധികം വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടിട്ടുണ്ട്. നേരത്തെ ഇവിടെ പുലിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com