കൊമ്പുകളിൽ കുരുങ്ങിയ പ്ലാസ്റ്റിക് ചാക്ക് സ്വയം നീക്കം ചെയ്ത് മോചിതനായി പടയപ്പ
Mail This Article
മൂന്നാർ ∙ കൊമ്പുകളിൽ കുരുങ്ങിയ പ്ലാസ്റ്റിക് ചാക്ക് ഭിത്തിയിൽ ഉരച്ച് സ്വയം മോചിതനായി മൂന്നാറിലെ കാട്ടാന പടയപ്പ. പ്ലാസ്റ്റിക് കുരുങ്ങിയതോടെ തുമ്പിക്കൈ ഉയർത്താനാകാതെ പടയപ്പ ദുരിതത്തിലായത് കഴിഞ്ഞ ദിവസം വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് നാല് വാച്ചർമാരെ പടയപ്പെയെ നിരീക്ഷിക്കാൻ ഏർപ്പാടാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി കുണ്ടളയ്ക്കു സമീപമുള്ള ചെണ്ടുവര ലോവർ ഡിവിഷനിലെ ജനവാസ മേഖലയിലാണ് പടയപ്പ എന്ന കാട്ടാന മേഞ്ഞുനടക്കുന്നത്.
ചൊവ്വാഴ്ച വൈകിട്ട് മുതലാണ് പടയപ്പയുടെ ഇരു കൊമ്പുകളിലുമായി ഒഴിഞ്ഞ പ്ലാസ്റ്റിക് ചാക്ക് കുരുങ്ങിയത്. തുമ്പിക്കൈ മുകളിലേക്ക് ഉയർത്താൻ കഴിയാതെ വന്നതോടെ പ്ലാസ്റ്റിക് ചാക്ക് നീക്കം ചെയ്യാൻ പടയപ്പ ഏറെ നേരം പണിപ്പെട്ടെങ്കിലും നടന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതിനു തടസ്സമില്ലെങ്കിലും മുകൾഭാഗത്തേക്ക് തുമ്പിക്കൈ ഉയർത്തുന്നതിനു കഴിഞ്ഞിരുന്നില്ല.