ADVERTISEMENT

തൊടുപുഴ∙ കൈക്കൂലി കേസിൽ നഗരസഭാധ്യക്ഷൻ പ്രതിയായ ശേഷമുള്ള ആദ്യ നഗരസഭാ കൗൺസിൽ യോഗം നാളെ 11നു നടക്കും. സംഭവ ശേഷം ചെയർമാൻ സനീഷ് ജോർജ് അവധി എടുത്തതോടെ ഉപാധ്യക്ഷയാണ് കൗൺസിൽ വിളിച്ചിരിക്കുന്നത്. കൗൺസിലിൽ പങ്കെടുക്കാൻ ചെയർമാൻ എത്തിയാൽ തടയുമെന്ന് യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. കൈക്കൂലി കേസിൽ പ്രതിയാക്കപ്പെട്ട ചെയർമാൻ രാജി വയ്ക്കാതെ പിന്നോട്ട് ഇല്ലെന്ന നിലപാടിലാണ് ഇവർ. കൗൺസിലിൽ അധ്യക്ഷത വഹിക്കാനും അനുവദിക്കില്ലെന്നാണ് യുഡിഎഫ്, ബിജെപി കൗൺസിലർമാരുടെ പ്രഖ്യാപനം.

എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ ചെയർമാനുള്ള പിന്തുണ ഇവർ പിൻവലിച്ചതായി പറയുന്നുണ്ടെങ്കിലും അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനെ കുറിച്ചു പറഞ്ഞിട്ടില്ല. ഏതായാലും കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ സനീഷ് ജോർജ് എത്തിയാൽ വലിയ സംഘർഷ സാധ്യതയാണ് നിലവിലുള്ളത്. യുഡിഎഫും ബിജെപിയും ചെയർമാനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിയാൽ തങ്ങൾ ചെയർമാന് പിന്തുണ പിൻവലിച്ചെന്ന് പ്രഖ്യാപിച്ച എൽഡിഎഫിന് ഇതിനെ പ്രതിരോധിക്കാൻ കഴിയില്ല. 

എൽഡിഎഫ് പ്രസ്താവന  തെറ്റിദ്ധരിപ്പിക്കാൻ: യുഡിഎഫ് 
വിജിലൻസ് കേസിൽ പ്രതിയായ ചെയർമാനുള്ള പിന്തുണ പിൻവലിച്ചു എന്ന എൽഡിഎഫ് പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രം നടത്തിയതാണെന്ന് യുഡിഎഫ് നഗരസഭാ മണ്ഡലം കമ്മിറ്റി ആരോപിച്ചു. നാളെ നടക്കുന്ന കൗൺസിൽ യോഗത്തിൽ പങ്കെടുത്താൽ ചെയർമാനെ കൗൺസിലിന്റെ അകത്തും പുറത്തും ഉപരോധിക്കാൻ യുഡിഎഫ് നഗരസഭാ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ചെയർമാന് പിന്തുണ പിൻവലിച്ചു എന്ന് പറയുന്ന എൽഡിഎഫ് ഇക്കാര്യത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ കൗൺസിലിൽ അവിശ്വാസം കൊണ്ടുവന്ന് ചെയർമാനെ പുറത്താക്കണം.

അല്ലാതെ ചെയർമാനെ നിലനിർത്തിക്കൊണ്ട് പിൻസീറ്റിൽ ഇരുന്നു ഭരണം നടത്താനുള്ള നീക്കമാണ് എൽഡിഎഫ് നടത്തുന്നതെങ്കിൽ യുഡിഎഫ് അതിനെ കൗൺസിലിന് അകത്തും പുറത്തും എതിർക്കും.  മുനിസിപ്പൽ മണ്ഡലം ചെയർമാൻ എം.എ.കരീമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ.ഐ.ബെന്നി, എ.എം.ഹാരിദ്, ഷിബിലി സാഹിബ്, ജോസി ജേക്കബ്, കെ.സുരേഷ് ബാബു, ജോസഫ് ജോൺ, ടി.ജെ.പീറ്റർ, വി.ഇ.താജുദ്ദീൻ, എം.എച്ച്.സജീവ്, രാജേഷ് ബാബു, കെ.ജി.സജിമോൻ, ഫിലിപ്പ് ചേരിയിൽ, കെ.ദീപക്, എൻ.രവീന്ദ്രൻ, എം.കെ.ഷാഹുൽഹമീദ്, കെ.കെ.ജോസഫ്, പി.കെ.മൂസ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com