ഗ്യാപ് റോഡിൽ ഗതാഗതം നിരോധിച്ചു; ചിന്നക്കനാലിലെ കുട്ടികൾക്ക് ദുരിതം
Mail This Article
മൂന്നാർ∙ മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് ദേവികുളം ഗ്യാപ് റോഡിലൂടെ ഗതാഗതം നിരോധിച്ചതോടെ ചിന്നക്കനാൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ ദുരിതത്തിലായി. ഗതാഗതം നിരോധിച്ചതോടെ ഒന്നര മണിക്കൂർ അധികം യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ . മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് നാലു ദിവസം മുൻപാണ് ഗ്യാപ് റോഡിൽ ജില്ലാഭരണകൂടം ഗതാഗതം നിരോധിച്ചത്.
പഞ്ചായത്തിലെ ചിന്നക്കനാൽ, സൂര്യനെല്ലി, വേണാട്, പെരിയ കനാൽ, ചെമ്പകത്തൊഴു കുടി, ബിയെൽറാം എന്നിവടങ്ങളിലെ എട്ടു സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളും അധ്യാപകരും ഭൂരിഭാഗവും ഈ പാതയിലൂടെയാണ് സ്കൂളുകളിലെത്തുന്നത്. ഗതാഗതം നിരോധിച്ചതോടെ ഭൂരിഭാഗം സ്കൂളുകളിലെയും വാഹനങ്ങൾ ആനച്ചാൽ വഴി മണിക്കൂറുകൾ ചുറ്റി സഞ്ചരിച്ചാണ് സ്കൂളിലെത്തുന്നത്.
പകൽ സമയത്ത് സ്കൂൾ വിദ്യാർഥികളുമായെത്തുന്ന വാഹനങ്ങളെങ്കിലും ഗ്യാപ് റോഡ് വഴി കടത്തിവിടണമെന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആവശ്യം. അതിനിടെ, സ്കൂൾ ബസ് പൊലീസ് തടഞ്ഞു മടക്കി അയച്ചു. ഗതാഗതം നിരോധിച്ച ദേവികുളം ഗ്യാപ് റോഡ് വഴി കുട്ടികളുമായി മൂന്നാറിൽ നിന്നും ചിന്നക്കനാൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിലേക്ക് പോയ ബസാണ് ദേവികുളം പൊലീസ് ഗ്യാപ് റോഡിനു സമീപത്തുവച്ച് തടഞ്ഞത്. വാഹനം പിന്നീട് ആനച്ചാൽ വഴിയാണ് സ്കൂളിലെത്തിയത്.