പടയപ്പ വട്ടവടയ്ക്ക് സമീപം; കർഷകർ ആശങ്കയിൽ
Mail This Article
മൂന്നാർ ∙ ഒരു മാസമായി തോട്ടം മേഖലയിൽ മേഞ്ഞുനടക്കുന്ന പടയപ്പ വട്ടവടയ്ക്കു സമീപമെത്തി. ഇതോടെ കൃഷികൾ നശിപ്പിക്കുമെന്ന ആശങ്കയിലായിരിക്കുകയാണ് വട്ടവടയിലെ പച്ചക്കറി കർഷകർ. കുണ്ടള, ചെണ്ടുവര, ചിറ്റുവര മേഖലകളിലാണ് കഴിഞ്ഞ ഒരു മാസമായി പടയപ്പ കഴിയുന്നത്. ഈ മേഖലയിൽ തൊഴിലാളികൾ നട്ടുവളർത്തുന്ന പച്ചക്കറികൾ വ്യാപകമായി പടയപ്പ തിന്നു നശിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് രണ്ടു ദിവസം മുൻപ് അതിർത്തി പ്രദേശമായ ചിറ്റുവര ഒസി ഡിവിഷനിലെത്തിയത്. ഒസി ഡിവിഷനിൽ വിളവെടുപ്പിന് പാകമായി നിന്നിരുന്ന വിവിധതരം ബീൻസുകൾ, കാരറ്റ്, കാബേജ് എന്നിവ വ്യാപകമായി തിന്നു നശിപ്പിച്ചു. ഇതിനു ശേഷം അതിർത്തി പ്രദേശമായ പഴത്തോട്ടം, വട്ടവട മേഖലയിലേക്ക് പടയപ്പ എത്തുമെന്ന് കർഷകർ ആശങ്കയിലാണ്.
ശീതകാല പച്ചക്കറി കൃഷികളുടെ കേന്ദ്രമായ പഴത്തോട്ടം, വട്ടവട മേഖലയിൽ പടയപ്പയെത്തിയാൽ വിളവെടുപ്പിനു പാകമായി നിൽക്കുന്ന ഏക്കറുകണക്കിന് സ്ഥലത്തെ പച്ചക്കറികൾ വ്യാപകമായി തിന്നു നശിപ്പിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് കർഷകർ ആശങ്ക പ്രകടിപ്പിച്ചു. അതിർത്തി മേഖലയിൽ നിന്നു പടയപ്പയെ ഓടിക്കാൻ വനംവകുപ്പ് നടപടിയെടുക്കണമെന്ന് വട്ടവടയിലെ കർഷകർ ആവശ്യപ്പെട്ടു. ഓണക്കാലത്തേക്കാവശ്യമുള്ള പച്ചക്കറികളാണ് നിലവിൽ വട്ടവട മേഖലയിൽ വ്യാപകമായി കൃഷി ചെയ്തിട്ടുള്ളത്. മിക്ക പച്ചക്കറികളും വിളവെടുപ്പിന് പാകമായ സമയത്താണ് പടയപ്പയുടെ ഭീഷണി ഉയരുന്നത്.