വില്ലേജ് ഓഫിസിലേക്ക് വരാൻ ധൈര്യമുണ്ടോ ? ദുരിതം: കവാടത്തിൽ ഉപേക്ഷിച്ച വാഹനങ്ങളും നായകളും
Mail This Article
മൂന്നാർ∙ ദേവികുളം കെഡിഎച്ച് വില്ലേജ് ഓഫിസിന്റെ പ്രവേശന കവാടം കീഴടക്കി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും തെരുവുനായ്ക്കളും. വിവിധ ആവശ്യങ്ങൾക്കായി ദിവസവും നൂറിലധികം നാട്ടുകാരെത്തുന്ന സ്ഥാപനമായ ദേവികുളം വില്ലേജ് ഓഫിസിന്റെ പ്രവേശന കവാടത്തിനു മുൻപിലാണ് കഴിഞ്ഞ രണ്ടു വർഷമായി റവന്യു വകുപ്പിന്റെ രണ്ട് ജീപ്പുകൾ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ഓഫിസിലെത്തുന്നവർക്ക് അകത്ത് പ്രവേശിക്കാൻ കഴിയാത്ത വിധത്തിലാണ് രണ്ടു വാഹനങ്ങൾ ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്.
വാഹനങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു വില്ലേജിലെ ജീവനക്കാർ ഉയർന്ന ഉദ്യോഗസ്ഥർക്കു നിരവധി പരാതികൾ നൽകിയെങ്കിലും ഒരു നടപടികളുമുണ്ടായില്ല. ഇതു കൂടാതെയാണ് ഓഫിസിന്റെ പ്രവേശന കവാടത്തിൽ തെരുവുനായ് ശല്യം രൂക്ഷമായിരിക്കുന്നത്. മിക്ക ദിവസങ്ങളിലും രാവിലെ ജോലിക്കെത്തുന്ന ഉദ്യോഗസ്ഥർ രാത്രി ഇവിടെ കിടക്കുന്ന നായ്ക്കളുടെ വിസർജ്യം ഉൾപ്പെടെ നീക്കം ചെയ്ത ശേഷമാണു ഓഫിസിൽ പ്രവേശിക്കുന്നത്. മഴ പെയ്താൽ പകൽ സമയത്തു തെരുവുനായ്ക്കൾ കൂട്ടത്തോടെ പ്രവേശന കവാടത്തിലെ വരാന്തയിൽ പ്രവേശിച്ചു വിശ്രമിക്കുന്നതു പതിവാണ്. ഇതു മൂലം ജീവനക്കാർക്ക് പുറത്തു പോകാനും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നാട്ടുകാർക്ക് ഓഫിസിൽ പ്രവേശിക്കാനും കഴിയാത്ത അവസ്ഥയാണുളളത്.