ADVERTISEMENT

ലബ്ബക്കട∙ കാഞ്ചിയാർ പഞ്ചായത്തിലെ അഴിമതിയും അനീതിയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗം പഞ്ചായത്ത് ഓഫിസിനു മുൻപിൽ നിരാഹാര സമരം നടത്തി. നാലാം വാർഡ് അംഗം സന്ധ്യ ജയനാണു സമരം നടത്തിയത്. സമരത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാക്കളും എത്തിയിരുന്നു. പഞ്ചായത്തിലെ അഴിമതിയും അനീതിയും ജനം തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെയാണു സമരം നടത്തിയതെന്ന് സന്ധ്യ പറഞ്ഞു.

പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ പാസാക്കുന്ന തീരുമാനങ്ങളുടെ പകർപ്പ് പാസാക്കുന്ന മുറയ്ക്ക് 48 മണിക്കൂറിനുള്ളിൽ എല്ലാ അംഗങ്ങൾക്കും നൽകേണ്ടതാണെങ്കിലും അപേക്ഷ സമർപ്പിച്ചിട്ടുപോലും അധികൃതർ നൽകാൻ തയാറാകുന്നില്ല. പഞ്ചായത്ത് യോഗ തീരുമാനത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്താനുള്ള അവസരം ഇതിനാൽ തടസ്സപ്പെടുകയാണ്.

തകർന്ന റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഓരോ പഞ്ചായത്തംഗവും പ്രദേശവാസികളും പഞ്ചായത്ത് ഭരണസമിതിയെ സമീപിക്കുമ്പോൾ ഫണ്ട് അനുവദിച്ചതായി അറിയിക്കുമെങ്കിലും പിന്നീട് അന്വേഷിക്കുമ്പോൾ ആ തുക മാറ്റിയെന്ന മറുപടിയാണു ലഭിക്കുന്നത്.

 അതിനാൽ ജനങ്ങൾക്ക് ജനപ്രതിനിധികളോടുള്ള വിശ്വാസം നഷ്ടമാകുന്നു. പഞ്ചായത്തിൽ പൊതുജനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ശുചിമുറി സമുച്ചയം ഉദ്യോഗസ്ഥർക്കു മാത്രം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ പണിതതിനാൽ ഓഫിസിൽ എത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. ഇതിനു പരിഹാരം കാണണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. 

 ഇതിലെല്ലാം പ്രതിഷേധിച്ചായിരുന്നു സമരം. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂർ സമരം ഉദ്ഘാടനം ചെയ്തു. നേതാക്കളായ സാവിയോ പള്ളിപ്പറമ്പിൽ, സിബി പുലിക്കുന്നേൽ, ജോമോൻ തെക്കേൽ, ഷാജി വേലംപറമ്പിൽ, മനോജ് പൂവത്തോലിൽ, സ്‌നേഹ തണൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com