ഓട്ടം ബൈജുവിന്റെ ആരോഗ്യരഹസ്യം; ജന്മദിനത്തിൽ ദീർഘദൂര ഓട്ടം; മറ്റു ദിവസങ്ങളിൽ 5 കി.മീ. ഓട്ടം
Mail This Article
അടിമാലി ∙ ജന്മദിനത്തിൽ ദീർഘദൂര ഓട്ടം. മറ്റു ദിവസങ്ങളിൽ ചുരുങ്ങിയത് 5 കി.മീ ഓട്ടം. 56 പിന്നിട്ട അടിമാലി മച്ചിപ്ലാവ് പുന്നമോളേൽ പി.എം.ബൈജു തന്റെ ആരോഗ്യരഹസ്യത്തെ കുറിച്ച് മനസ്സുതുറക്കുകയാണ്. യൂണിയൻ ബാങ്ക് അടിമാലി ബ്രാഞ്ചിലെ കാഷ്യർ ആണ് ബൈജു. 56–ാം ജന്മദിനത്തിൽ മച്ചിപ്ലാവിലെ വീട്ടിൽ നിന്ന് 46 കി.മീ. ദൂരത്തുള്ള കോതമംഗലത്തേക്കാണ് ജന്മദിന ഓട്ടം സഫലമാക്കിയത്. കഴിഞ്ഞ ജന്മദിനത്തിൽ മൂന്നാറിൽ നിന്ന് 34 കി.മീ. ദൂരത്തുള്ള അടിമാലിയിലേക്കാണ് ഓടിയത്. 17 വർഷം സൈന്യത്തിൽ സേവനം അനുഷ്ടിച്ച ശേഷമാണ് യൂണിയൻ ബാങ്കിലെ ജോലിയിൽ പ്രവേശിച്ചത്. 50 വയസ്സ് പിന്നിട്ടതോടെയാണ് ജന്മദിനത്തിലെ ഓട്ടം ആരംഭിച്ചത്. ശരീരഭാരം കൂടിയതോടെയാണ് രാവിലെ ഓട്ടം തുടങ്ങിയതെന്ന് ബൈജു പറയുന്നു.
∙ എത്ര നാൾ മുൻപാണ് ഓട്ടം ആരംഭിച്ചത്?
17 വർഷത്തോളം പട്ടാളത്തിലായിരുന്നു. 2005ൽ തിരികെ നാട്ടിൽ എത്തിയ ശേഷം 5 കി.മീ കുറയാതെ ദിവസവും ഓടുന്നുണ്ട്.
∙ ഓട്ടത്തിന് പ്രചോദനമായത്?
പട്ടാളത്തിൽ കിട്ടിയ ശീലമാണ്. അവിടെ വോളിബോൾ കളിയും ഉണ്ടായിരുന്നു. നാട്ടിൽ വന്ന ശേഷം ആരോഗ്യ സംരക്ഷണത്തിനായി ഓട്ടം ആരംഭിച്ചു. ജീവിത ശൈലി രോഗങ്ങൾ ഒഴിവാക്കാൻ സഹായകരമായി.
∙ ജനന തിയതീ? ദീർഘ ദൂര ഓട്ടം ആരംഭിച്ചത്?
1968 മാർച്ച് 26. ദീർഘ ദൂര ഓട്ടം ആരംഭിച്ചത് 49 വയസ്സ് മുതൽ.
∙ ജന്മ ദിനത്തിലെ ഓട്ടത്തിന് പ്രചോദനം?
പ്രധാന ദിവസമല്ലേ. ഒരു വ്യത്യസ്തത ആഗ്രഹിച്ചു. തുടരാനാണ് ആഗ്രഹം.
∙ ഇപ്പോഴും യുവത്വത്തിന്റെ പ്രസരപ്പിന് പിന്നിൽ?
ദിവസവും രാവിലെയുള്ള ഓട്ടവും കൃത്യസമയത്തുള്ള ആഹാരവുമാണ്. പിന്നെ മാക്സിമം ആക്ടീവായിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.
∙ ദൈനംദിന ശീലങ്ങൾ?
എല്ലാ ദിവസവും പുലർച്ചെ 4.30ന് എഴുന്നേൽക്കും. ഭക്ഷണം കഴിക്കുന്നത് കൃത്യസമയത്താണ്. സൈക്ലിങ് ചെയ്യാൻ പോകാറുണ്ട്. മൂന്നാർ, തൊടുപുഴ, കുളമാവ് അങ്ങനെ പല സ്ഥലങ്ങളിലും പോകാറുണ്ട്.
∙ ആരോഗ്യ സംരക്ഷണത്തിനു ഗുണകരമായെന്നു തോന്നിയിട്ടുള്ള ടിപ്സുകൾ?
കൃത്യ സമയത്തുള്ള ഉറക്കവും സമയ കൃത്യത പാലിച്ചുള്ള ഭക്ഷണക്രമങ്ങളും. അമിതമായ ഹോട്ടൽ ഭക്ഷണം ഒഴിവാക്കുക. വീട്ടിൽ നിന്നു പാകം ചെയ്തു കഴിക്കുന്നത് ശീലമാക്കുക. പോസിറ്റീവ് ചിന്തകൾക്ക് പ്രധാന്യം നൽകുക. ഇവ ആരോഗ്യ സംരക്ഷണത്തിന് അവശ്യ ഘടകമാണെന്ന് വിശ്വസിക്കുന്നു.
∙ മഴക്കാലത്തെ ഓട്ടത്തിന് സമയക്രമത്തിൽ മാറ്റമുണ്ടോ?
ഇല്ല. രാവിലെ 4.30ന് എഴുന്നേൽക്കും. ദിവസവും 5 കി.മീ എന്നത് ചില ദിവസങ്ങളിൽ 6 കി.മീ ഓടും. ഇതോടൊപ്പം ആഴ്ചയിൽ ഒരു ദിവസം 22 കി.മീ ആണ് ഓട്ടം.
∙ മാരത്തൺ ഓട്ടത്തിൽ പങ്കെടുക്കാറുണ്ടോ?
ഉണ്ട്. എറണാകുളം മാരത്തണിൽ ഒരു തവണയും ചങ്ങനാശേരി, മൂന്നാർ മാരത്തണിൽ 2 തവണ വീതവും പങ്കെടുത്തിട്ടുണ്ട്. ഒക്ടോബറിൽ നടക്കാൻ പോകുന്ന മാരത്തണിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്.
∙ 2025ലെ ജന്മദിന ഓട്ടം പ്ലാൻ ചെയ്തിട്ടുണ്ടോ? എവിടേക്കാണ്?
പൊന്മുടി (ഇടുക്കി) അണക്കെട്ടു വരെ ഓടി തിരികെ വീട്ടിലേക്ക്.
∙ കുടുംബം?
ഭാര്യ റെജി മോൾ. മിക്കവാറും ദിവസങ്ങളിൽ എന്നോടൊപ്പം ഓട്ടത്തിൽ പങ്കടുക്കാറുണ്ട്. കോതമംഗലത്തേക്കു നടത്തിയ മാരത്തണിൽ 5 കി.മീ എന്നോടൊപ്പം ഓടിയിരുന്നു. മക്കൾ ബിജിൻ, ബിജിത്. ഇരുവരും ജിമ്മിൽ പോകുന്നുണ്ട്.