ADVERTISEMENT

വണ്ടിപ്പെരിയാർ ∙ കുടുംബങ്ങളിലെ ആപത്തുകൾ പ്രവചിച്ചും പരിഹാരത്തിനായി മന്ത്രവാദം നിർദേശിച്ചും പണം തട്ടുന്ന സംഘങ്ങൾ തോട്ടം മേഖലയിൽ പിടിമുറുക്കുന്നു. കോടാങ്കികൾ (രാത്രികാല പൂജയും മന്ത്രവാദവും നടത്തുന്നവർ) എന്ന പേരിൽ അറിയപ്പെടുന്ന തമിഴ്നാട്ടിലെ തേനി ജില്ലയിലെ ഗ്രാമങ്ങളിൽ നിന്നെത്തുന്ന സംഘമാണ് ഇത്തരം തട്ടിപ്പുകൾ തോട്ടം മേഖലയിൽ നടത്തുന്നത്. അപകടങ്ങൾ ഒഴിവാക്കുന്നതിനു പ്രതിവിധിയായി പൂജ നടത്താമെന്ന പേരിൽ സ്വർണം തട്ടിയ യുവാവിനെ കഴിഞ്ഞ ദിവസം ഏലപ്പാറ കോഴിക്കാനത്തു നിന്നു പിടികൂടിയിരുന്നു. വണ്ടിപ്പെരിയാർ കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവർത്തനം. 

കോഴിക്കാനത്ത് പ്രദേശവാസികൾ ഭൂപതി എന്ന യുവാവിനെ പിടികൂടി പീരുമേട് പൊലീസിനു കൈമാറി മിനിറ്റുകൾക്കുള്ളിൽ കോടാങ്കി സംഘത്തിലുൾപ്പെട്ടവർ വണ്ടിപ്പെരിയാറ്റിൽ എത്തുകയുണ്ടായി. ഭൂപതിക്കൊപ്പം ഏലപ്പാറ മേഖലയിലുണ്ടായിരുന്ന മറ്റു കോടാങ്കികൾ പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു. വീട്ടിലെത്തി കഴിഞ്ഞാൽ ഇവർ ചില മായാജാല പ്രകടനങ്ങൾ നടത്തുന്നു. തുടർന്ന് കുടുംബത്തിലെ കാര്യങ്ങൾ പ്രവചിക്കും. ഇതിൽ കൂടുതലും മരണം, അപകടം, തുടങ്ങി ആശങ്കയും, ഭയവുമുണ്ടാക്കുന്ന പ്രവചനങ്ങളായിരിക്കും. തമിഴ് സ്വദേശികൾ കഴിയുന്ന പ്രദേശങ്ങളിൽ എത്തിയാണ് ഇവർ പ്രവചനം നടത്തുന്നത്. കുടുംബാംഗങ്ങളെ ഭയപ്പെടുത്തി പിന്നീട് പരിഹാരക്രിയകളുടെ പേരിൽ പണം തട്ടുന്നു.

ശ്മശാനത്തിൽ പൂജ
ആപത്തുകൾ, അനർഥങ്ങൾ എന്നിവയെ തടയുന്നതിനായി ശ്മശാനങ്ങളിൽ മന്ത്രവാദവും പൂജയും നടത്താമെന്നു പറഞ്ഞാണ് ഇവർ കൂടുതൽ തുക വാങ്ങുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് അരണക്കല്ലിൽ ഇത്തരം പൂജ നടത്തിയതിനെതിരെ പ്രദേശവാസികൾ പരാതിപ്പെട്ടു. തലയോട്ടിയും മറ്റും ഉപയോഗിച്ചു പൂജ നടത്തിയെന്നാണ് നാട്ടുകാർ പരാതിപ്പെട്ടത്. ശ്മശാന പൂജകൾ പൊലീസ് ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ഇവർ ഏറെ നാളത്തേക്കു ഇതു നിർത്തിവച്ചിരുന്നു. വ്യവസായ പ്രതിസന്ധിയെ തുടർന്ന് വലിയ സാമ്പത്തിക ബുദ്ധിമുട്ടിൽ കഴിയുന്ന തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുകയാണിവരെന്നു പൊതുപ്രവർത്തകർ പറയുന്നു. 

English Summary:

Witchcraft Scams Prey on Plantation Workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com