ഒരാഴ്ചയായി ദേവികുളം പരിധിക്കു പുറത്ത്; ബിഎസ്എൻഎൽ മൊബൈൽ റേഞ്ചും നെറ്റ്‌വർക്കും ലഭിക്കുന്നില്ല
Mail This Article
മൂന്നാർ∙ താലൂക്കാസ്ഥാനമായ ദേവികുളത്ത് ഒരാഴ്ചയായി ബിഎസ്എൻഎൽ മൊബൈൽ റേഞ്ചും നെറ്റ്‌വർക്കും ലഭിക്കുന്നില്ല. പുതിയ ബിഎസ്എൻഎൽ കേബിളുകൾ ഇടുന്നതിനായി യന്ത്രസഹായത്തോടെ കുഴികൾ നിർമിക്കുന്നതിനിടയിൽ പഴയ കേബിളുകൾ പലയിടങ്ങളിലായി മുറിഞ്ഞുപോയതോടെയാണ് ഒരാഴ്ചയായി നെറ്റ്‌വർക്കും മൊബൈൽ റേഞ്ചും ഇല്ലാതായത്. താലൂക്കാസ്ഥാനത്തെ വിവിധ ഓഫിസുകളിലും മേഖലയിലെ വീടുകളിലും ബിഎസ്എൻഎൽ ഇന്റർനെറ്റും മൊബൈലുമാണ് കൂടുതൽ ഉപയോഗിക്കുന്നത്.
ഇന്റർനെറ്റ് സൗകര്യമില്ലാതായതോടെ കഴിഞ്ഞ ഒരാഴ്ച വിവിധ ആവശ്യങ്ങൾക്കായി താലൂക്ക് ആസ്ഥാനത്തെ വിവിധ ഓഫിസുകളിലെത്തിയ പൊതുജനങ്ങൾ വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയായിരുന്നു. മുറിഞ്ഞുപോയ കേബിളുകൾ നന്നാക്കാത്തതിനാൽ വരും ദിവസങ്ങളിലും ദേവികുളത്ത് മൊബൈൽ റേഞ്ചും ഇന്റർനെറ്റും ലഭിക്കാൻ സാധ്യത കുറവാണെന്ന് നാട്ടുകാർ പറഞ്ഞു. തോട്ടം തൊഴിലാളികളടക്കമുള്ള പ്രദേശവാസികൾക്ക് ഫോണിന് റേഞ്ച് ഇല്ലാത്തതിനാൽ പുറം ലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയാണുള്ളത്.