അരിക്കൊമ്പനെ സ്ഥലംമാറ്റി, മുറിവാലൻ ചരിഞ്ഞു; ചിന്നക്കനാലിൽ ഇനി ചക്കക്കൊമ്പന്റെ കാലം
Mail This Article
രാജകുമാരി ∙ കാട്ടുകൊമ്പൻ ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ് അവശനിലയിലായ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. കഴിഞ്ഞ 21ന് ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ ദേഹത്തു 15 ഇടങ്ങളിലാണു മുറിവാലന് ആഴത്തിൽ മുറിവേറ്റത്. ഇടതു കാലിന്റെ സ്വാധീനം നഷ്ടപ്പെട്ട മുറിവാലൻ കൊമ്പനെ പെരിയകനാൽ - ചിന്നക്കനാൽ റോഡിൽ നിന്ന് 500 മീറ്റർ അകലെയുള്ള കാട്ടിലാണ് അവശനിലയിൽ കണ്ടെത്തിയത്.
വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ മുതൽ മരുന്നുകൾ നൽകിയിരുന്നു. കൊമ്പനെ ചികിത്സിക്കുന്നതിനായി വനം വകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ശനിയാഴ്ച നിയോഗിച്ചിരുന്നു. എന്നാൽ ഡോ. അരുണും സംഘവും എത്തും മുൻപ് ഇന്നലെ പുലർച്ചെ 2നു മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ഇന്നു മറവു ചെയ്യും. കഴിഞ്ഞ ജൂൺ 14നു ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റ 2 വയസ്സ് പ്രായമുള്ള ഒരു കുട്ടിക്കൊമ്പനും ചരിഞ്ഞിരുന്നു. നിലവിൽ ചക്കക്കൊമ്പനു മദപ്പാട് മൂർധന്യാവസ്ഥയിലാണെന്നു ദേവികുളം റേഞ്ച് ഓഫിസർ പി.വി.വെജി പറഞ്ഞു.
കൊമ്പുകൾ സ്ട്രോങ് റൂമിലേക്ക്
കൊമ്പന്മാരായ കാട്ടാനകൾ ചരിഞ്ഞാൽ ജഡം മറവു ചെയ്യും മുൻപു കൊമ്പുകൾ പിഴുതെടുക്കും. അതതു റേഞ്ച് ഓഫിസുകളിലെ സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്ന കൊമ്പുകൾ പിന്നീടു തിരുവനന്തപുരത്തെ വനം വകുപ്പിന്റെ പ്രധാന സ്ട്രോങ് റൂമിലേക്കു മാറ്റും.
അരിക്കൊമ്പനെ സ്ഥലംമാറ്റി, മുറിവാലൻ ചരിഞ്ഞു; ഇനി ചക്കക്കൊമ്പന്റെ കാലം
ചിന്നക്കനാൽ മേഖലയിൽ അരിക്കൊമ്പൻ, മുറിവാലൻ കൊമ്പൻ, ചക്കക്കൊമ്പൻ എന്നീ 3 ഒറ്റയാൻമാരാണു ഭീതി പരത്തിയിരുന്നത്. അരിക്കൊമ്പനെ 2023 ഏപ്രിൽ 29ന് ആദ്യം പെരിയാർ വന്യജീവി സങ്കേതത്തിലേക്കും പിന്നീടു തിരുനെൽവേലി കോതയാർ വനമേഖലയിലേക്കും മാറ്റി. ഇനി മേഖലയിലെ ഏക ഒറ്റയാൻ ചക്കക്കൊമ്പൻ മാത്രമായി. പിടിയാനക്കൂട്ടത്തോടൊപ്പമുള്ള 3 കുട്ടിക്കൊമ്പന്മാരും ഇവിടെയുണ്ട്.