ഓണ ഫെയറിനായി ഉണരാൻ സപ്ലൈകോ
Mail This Article
∙ ചെറുതോണിയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ ഉഴുന്ന്, വെളിച്ചെണ്ണ, ചെറുപയർ, വൻപയർ നിലവിലില്ല. ഉഴുന്നിന്റെയും വെളിച്ചെണ്ണയുടെയും സ്റ്റോക്ക് വ്യാഴാഴ്ച തീർന്നപ്പോൾ വൻപയറും ചെറുപയറും ദിവസങ്ങളായി ഇവിടെ ലഭ്യമല്ല. ഏറ്റവും അടുത്ത ദിവസം ഈ നാല് ഉൽപന്നങ്ങളും സൂപ്പർ മാർക്കറ്റിൽ എത്തുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം ചെറുതോണിയിലെ ത്രിവേണി സ്റ്റോറിൽ 13 ഇനം സബ്സിഡി സാധനങ്ങളും ഇപ്പോൾ ലഭ്യമാണ്.
∙ സപ്ലൈകോയുടെ കട്ടപ്പനയിലെയും സമീപ പഞ്ചായത്തുകളിലെയും ചില വിൽപന കേന്ദ്രങ്ങളിൽ തുവരപ്പരിപ്പ്, പച്ചരി, കുറുവ അരി തുടങ്ങിയവ ലഭ്യമല്ല. പഞ്ചസാരയും ജയ അരിയും ഉൾപ്പെടെയുള്ള മറ്റ് സബ്‌സിഡി ഉൽപന്നങ്ങൾ ലഭ്യമാണ്.
∙ നെടുങ്കണ്ടം സപ്ലൈകോ ഔട്‌ലറ്റിൽ 12 ഇനം അവശ്യ സാധനങ്ങളും എത്തിയിട്ടുണ്ട്. സപ്ലൈകോ വഴി നടപ്പിലാക്കുന്ന സബ്സിഡി സാധനങ്ങളുടെ വിതരണം- ഓണം ഫെയറിന്റെ ഉടുമ്പൻചോല താലൂക്ക് തല ഉദ്ഘാടനം 10ന് എം.എം.മണി എംഎൽഎ നിർവഹിക്കും.
∙ സപ്ലൈകോയുടെ കീഴിൽ മൂന്നാറിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിൽ സബ്സിഡി ഇനത്തിൽപെട്ട എല്ലാ സാധനങ്ങളും ഒരാഴ്ച മുൻപ് തന്നെ എത്തി.
സഞ്ചരിക്കുന്ന റേഷൻകട
തൊടുപുഴ ∙ ജില്ലയിലെ കൂടുതൽ ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടകളിലൂടെ ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ നടപടി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ സപ്ലൈ ഓഫിസിൽ നിന്ന് വാഹന ക്വട്ടേഷൻ ക്ഷണിച്ചു. ജില്ലയിൽ തൊടുപുഴ, ദേവികുളം, പീരുമേട് താലൂക്കുകളിലെ വിവിധ ആദിവാസി ഊരുകളിൽ സഞ്ചരിക്കുന്ന റേഷൻകട പദ്ധതി നിലവിലുണ്ട്. ഉടുമ്പൻചോല താലൂക്കിൽ പന്നിയാർ, ആടുവിളന്താൻ ആദിവാസി കോളനി, ആനയിറങ്കൽ, ശങ്കരപാണ്ട്യമേട് എന്നിവിടങ്ങളിലേക്ക് റേഷൻ സാധനങ്ങൾ എത്തിക്കാനാണ് തീരുമാനം. ദേവികുളം താലൂക്കിൽ നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്ത വിവിധ ആദിവാസി ഊരുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുന്നുണ്ട്.
സപ്ലൈകോയുടെ ജില്ലാ ഓണം ഫെയറോടെ ഇന്നലെ മുതൽ ഓണവിപണി ഉണർന്നു. മിക്കയിടത്തും സബ്സിഡി സാധനങ്ങൾ സ്റ്റോക്ക് എത്തിയിട്ടുണ്ട്. എന്നാൽ, മാവേലിയെത്തും മുന്നേ തന്നെ മാവേലി സ്റ്റോറുകളിൽ ഉൾപ്പെടെ സപ്ലൈകോയുടെ വിതരണ കേന്ദ്രങ്ങളിൽ പലതിലും അവശ്യ വസ്തുക്കൾ കിട്ടാനില്ലാത്ത സ്ഥിതിയുമുണ്ട്.