ADVERTISEMENT

തൊടുപുഴ ∙ രോഗിയും പതിനെട്ടുകാരനുമായ വിദ്യാർഥിയെ സ്റ്റേഷനിലെ ക്യാമറ ഇല്ലാത്ത മുറിയിൽ കൊണ്ടുപോയി മർദിച്ച് കട്ടപ്പന എസ്ഐയും പൊലീസുകാരും കാണിച്ച ക്രൂരതയുടെ യഥാർഥ വസ്തുതകൾ കമ്മിഷനിൽനിന്നു മറച്ചുവയ്ക്കാൻ ജില്ലാ പൊലീസ് മേധാവിയും കട്ടപ്പന ഡിവൈഎസ്പിയും ശ്രമിച്ചത് ഗൗരവമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. 

അടുത്ത മാസം തൊടുപുഴയിൽ നടക്കുന്ന സിറ്റിങ്ങിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയും കട്ടപ്പന ഡിവൈഎസ്പിയും നേരിട്ട് ഹാജരാകണമെന്നും കമ്മിഷൻ ഇടക്കാല ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി (ഡിപിസി) 2024 മേയ് 3ന് എറണാകുളം ഡിഐജിക്ക് നൽകിയ റിപ്പോർട്ടിൽ എസ്ഐക്കും സിപിഒക്കും എതിരെ ഗുരുതര കൃത്യവിലോപവും വീഴ്ചയും കണ്ടെത്തിയിരുന്നു. ഇവർ വ്യാജ കേസുണ്ടാക്കിയെന്നും വിദ്യാർഥിയെ മർദിച്ചെന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ, ഇതേ ഉദ്യോഗസ്ഥൻ ജൂലൈ 2ന് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇത്തരം വിലപ്പെട്ട വിവരങ്ങളെല്ലാം ഒഴിവാക്കി. പ്രധാനപ്പെട്ട വിവരങ്ങൾ കമ്മിഷനിൽ നിന്നു മറച്ചുവച്ചതിന്റെ കാരണം ജില്ലാ പൊലീസ് മേധാവിയും ഡിവൈഎസ്പിയും വിശദീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. 

കട്ടപ്പന ഡിവൈഎസ്പി ജൂൺ 18ന് ഇടുക്കി ഡിപിസിക്ക് നൽകിയ റിപ്പോർട്ടിൽ ഇരയായ ആസിഫിന്റെ മൊഴി എടുക്കാത്ത സാഹചര്യത്തിൽ ഇരയുടെ മൊഴി അഭിഭാഷകന്റെ സാന്നിധ്യത്തിൽ രേഖപ്പെടുത്തണമെന്ന് കമ്മിഷൻ നിർദേശിച്ചു. ആസിഫിനെ ചികിത്സിച്ച ഡോക്ടറുടെ മൊഴി ഇതിനൊപ്പം ഡിവൈഎസ്പി കമ്മിഷനിൽ ഹാജരാക്കണം. പൊലീസ് ഉദ്യോഗസ്ഥരുടെ സസ്പെൻഷനുള്ള കാരണവും ഡിപിസി കമ്മിഷനെ അറിയിക്കണം. 

ആസിഫിന്റെ ബൈക്ക് കൂട്ടുകാരൻ ഓടിക്കവേ കട്ടപ്പന എസ്ഐ കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്ക് വിട്ടുകിട്ടാൻ ആസിഫ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു. ഇതാണ് എസ്ഐക്ക് വൈരാഗ്യമുണ്ടാകാൻ കാരണമെന്ന് ആസിഫ് കമ്മിഷനെ അറിയിച്ചു. ഏപ്രിൽ 25ന് വാഹന പരിശോധനയ്ക്കിടെ എസ്ഐ, ആസിഫിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് മർദിച്ചതായി ആസിഫിന്റെ ബന്ധു കൂട്ടാർ സ്വദേശി സക്കീർ ഹുസൈൻ കമ്മിഷനിൽ സമർപ്പിച്ച പരാതിയിൽ പറഞ്ഞു. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും കമ്മിഷനെ അറിയിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. എസ്ഐ എൻ.ജെ.സുനേഖ്, എആർ സിപിഒ മനു പി.ജോസ് എന്നിവർക്കെതിരെയാണ് കേസ്.

English Summary:

In a shocking incident of police brutality, a student in Idukki, Kerala was allegedly assaulted by police officers who then attempted to cover up their actions. The Human Rights Commission has condemned the incident and ordered an inquiry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com