യാത്രാദുരിതം ഇരട്ടിയാക്കി കെഎസ്ആർടിസി ഗ്രാമീണ സർവീസുകൾ നിർത്തലാക്കുന്നു
Mail This Article
ചെറുതോണി ∙ ജില്ലയിൽ കെഎസ്ആർടിസിയുടെ ഗ്രാമീണ സർവീസുകൾ ഒന്നൊന്നായി നിർത്തലാക്കി ഉദ്യോഗസ്ഥ ലോബി ജനത്തിന്റെ യാത്രാദുരിതം ഇരട്ടിപ്പിക്കുന്നതായി പരാതി. ഇതോടെ ഹൈറേഞ്ചിലെ ചില സബ് ഡിപ്പോകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
ലാഭകരമായി നടന്നിരുന്ന സർവീസുകൾ എല്ലാം തന്നെ നിർത്തലാക്കിയതോടെ ആണിത്. കട്ടപ്പനയിൽ നിന്നു തങ്കമണി ചെറുതോണി വഴി പാലക്കാട് ആനക്കട്ടിയിലേക്ക് 12 വർഷമായി ഓടിക്കൊണ്ടിരുന്ന ബസ് യാതൊരു കാരണവുമില്ലാതെ നിർത്തലാക്കിയത് അടുത്ത നാളിലാണ്. ഇതിനു പിന്നാലെ കട്ടപ്പന – ഷോളയൂർ ബസും നിർത്തലാക്കി ഉദ്യോഗസ്ഥർ യാത്രക്കാരെ പെരുവഴിയിലാക്കി.
ഏറ്റവും കൂടുതൽ കലക്‌ഷൻ ലഭിച്ചുകൊണ്ടിരുന്ന കട്ടപ്പന സബ് ഡിപ്പോ ഇപ്പോൾ നഷ്ടത്തിലായി.നെടുങ്കണ്ടം സബ് ഡിപ്പോ തകർച്ചയുടെ വക്കിലുമാണ്. വിനോദ സഞ്ചാര മേഖലയുടെ പ്രത്യേകതകൾ നിറഞ്ഞ മൂന്നാർ ഡിപ്പോയും കിതച്ചും മുടന്തിയുമാണ് മുന്നോട്ടുപോകുന്നത്.
ഡിടിഒയും ചില എടിഒമാരും ചേർന്ന് സ്വകാര്യ ബസ് ഉടമകളുമായി നടത്തുന്ന കള്ളക്കളിയാണ് പൊതു ഗതാഗതത്തിന്റെ നടുവൊടിക്കുന്നതെന്നു പരാതിയുണ്ട്.സ്വകാര്യ ബസുകളുടെ മുൻപിൽ കെഎസ്ആർടിസി സർവീസ് ആരംഭിക്കുകയും പിന്നീട് അവരുടെ സ്വാധീനത്തിനു വഴങ്ങി സർവീസ് പിൻവലിക്കുകയുമാണ് ഇത്തരം ഉദ്യോഗസ്ഥരുടെ പതിവ്.
ക്രമക്കേടുകൾക്ക് വഴങ്ങിയാണ് ലാഭകരമായ സർവീസുകൾ നിർത്തലാക്കിയതെന്നും ആക്ഷേപമുണ്ട്. ഗ്രാമീണ യാത്രക്കാരെ വലച്ച് ബസുകൾ നിർത്തലാക്കി അഴിമതിക്കു കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് യുവജന സംഘടനകൾ.