കലുങ്ക് പൊളിച്ചിട്ട് ആഴ്ചകൾ; ഭീഷണിയായി കുഴി
Mail This Article
നെടുങ്കണ്ടം ∙ കമ്പംമെട്ട്- വണ്ണപ്പുറം ഹൈവേ നിർമാണത്തിന്റെ ഭാഗമായി തൂക്കുപാലം ടൗണിലെ കലുങ്ക് പുനർനിർമിക്കാൻ പൊളിച്ചിട്ട് ആഴ്ചകൾ.കുഴിയിൽ നിറയെ മലിനജലവും കൊതുകും.തിരക്കേറിയ തൂക്കുപാലം ടൗണിന്റെ ഹൃദയഭാഗത്താണ് കലുങ്ക് നിർമിക്കാൻ കുഴിയെടുത്തത്. കുഴിയിൽ നിറയെ ഓടയിലെ മലിനജലം നിറഞ്ഞിട്ട് ആഴ്ചകളായെങ്കിലും കലുങ്ക് നിർമാണം തുടങ്ങിയില്ല. തൂക്കുപാലത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി മുൻപ് കണ്ടെത്തിയിരുന്നു. പഞ്ചായത്ത് അധികൃതർ പിഴയീടാക്കിയെങ്കിലും ശുചിമുറി മാലിന്യമുൾപ്പെടെ ഇപ്പോഴും ഓടയിൽ ഒഴുക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഓടയിൽ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നത് കല്ലാർ പുഴയിലേക്കാണെന്നും പ്രദേശവാസികൾ പറയുന്നു.ആരോഗ്യ വിഭാഗവും പഞ്ചായത്ത് അധികൃതരും മൗനം പാലിക്കുകയാണെന്നും ആക്ഷേപമുണ്ട്. വാഹന ഗതാഗതം ഒരു നിരയിലായതോടെ തിരക്കേറിയ ടൗണിലെ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണവും ഇതേ കുഴിയാണെന്ന് ഡ്രൈവർമാരും പറയുന്നു.