മലമുകളിൽ മനോഹര കാഴ്ച ഒരുക്കി മുണ്ടൻമല
Mail This Article
തൊടുപുഴ ∙മലമുകളിലെ മനോഹാരിത മതിവരുവോളം ആസ്വദിക്കാൻ മണക്കാട് പഞ്ചായത്തിലെ മുണ്ടൻമല സഞ്ചാരികളെ ക്ഷണിക്കുന്നു. തൊടുപുഴയിൽ നിന്ന് വൈക്കം റൂട്ടിൽ 4 കിലോമീറ്റർ യാത്ര ചെയ്ത് നെടിയശാല വാഴപ്പള്ളിയിൽ എത്താം. അവിടെനിന്ന് ഒന്നര കിലോമീറ്റർ വലിയ കയറ്റം കയറി വേണം മുണ്ടൻമലയിൽ എത്താൻ. ഇതു വഴി വഴിത്തലയിൽ എത്താനും കഴിയും. വീതി കുറവാണെങ്കിലും നിലവാരമുള്ള റോഡ് പണിതിട്ടുണ്ട്. മുണ്ടൻമലയിലെ പൊങ്ങൻപാറയും മനോഹര കാഴ്ചകളുടെ കേന്ദ്രമാണ്.
മുണ്ടൻമലയിലേക്ക് സഞ്ചാരികളെ ആകർഷിക്കാനായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഇവിടെ ഉയരത്തിലുള്ള വാച്ച് ടവർ പണിതിട്ടുണ്ട്. ഇവിടെ നിന്നാൽ എതിർവശത്തുള്ള പുലിക്കുന്നുമലയിലെ കാഴ്ചകളും കാണാം. കൂടാതെ വാച്ച് ടവറിലെ ദൂരദർശിനിയിൽ കൂടി നോക്കിയാൽ അങ്ങകലെ വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടൻമുടി മലയും കോട്ടപ്പാറയും കാറ്റാടിക്കടവും കാണാം. അതിവിദൂര കാഴ്ചയായി പശ്ചിമഘട്ട മലനിരകളും ദൃശ്യമാണ്.
തൊടുപുഴ നഗരവും മുതലക്കോടം പള്ളിയും ഉറവപ്പാറയും എല്ലാം ഒരുമിച്ചു കാണണമെങ്കിൽ മുണ്ടൻമലയിൽ എത്തിയാൽ മതി. സഞ്ചാരികളെ ആകർഷിക്കാനായി കൂടുതൽ സ്വകാര്യ സംരംഭകരെ ഇവിടേക്ക് എത്തിക്കാൻ പഞ്ചായത്തും വിനോദ സഞ്ചാര വകുപ്പും ശ്രദ്ധിച്ചാൽ തൊടുപുഴയ്ക്ക് തൊട്ടടുത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറാൻ കഴിയുന്ന പ്രദേശമാണ് മുണ്ടൻമല. ഇപ്പോൾ തന്നെ കുട്ടികൾക്കുള്ള ഒരു ചെറിയ പാർക്ക് ഇവിടെയുണ്ട്. ടവറിന് അടുത്തുള്ള പാറയിൽ നിന്ന് ഗ്ലാസ് ബ്രിജ് പണിയണം എന്ന ആവശ്യവും ഉയരുന്നുണ്ട്. അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് മുണ്ടൻമലയിൽ. മഴയുള്ള ദിവസങ്ങളിൽ രാവിലെ എത്തിയാൽ പ്രദേശമാകെ മഞ്ഞു മൂടി കിടക്കും. ഇത് മണിക്കൂറുകളോളം ഉണ്ടാകും. ഇതും സഞ്ചാരികൾക്കു മനം കുളിർക്കുന്ന കാഴ്ചയാണ്.