ഇടുക്കി ജില്ലയിൽ വൈറലായി വൈറൽപനി; ലക്ഷണങ്ങൾ ഇങ്ങനെ
Mail This Article
തൊടുപുഴ∙ 97 ശതമാനത്തിലധികം മരണ നിരക്കുള്ള അമീബിക് മസ്തിഷ്ക ജ്വരം പോലെയുള്ള മാരക രോഗങ്ങളിൽ ജില്ലയ്ക്ക് ആശങ്കപ്പെടാനില്ലെങ്കിലും മറ്റു പനികൾ പിടിമുറുക്കി തന്നെ നിൽക്കുകയാണ്. വൈറൽ പനി തന്നെയാണ് ജില്ലയിൽ വൈറൽ. ഈ മാസം 23 വരെ 5720 പേർ പനിക്ക് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം ഇതിൽ ഉൾപ്പെടുന്നില്ല. രണ്ടുമൂന്നു ദിവസം കൊണ്ട് പനി മാറിയാലും ചുമയും മറ്റു ശാരീരിക അസ്വസ്ഥതകളും ആഴ്ചകൾ നീണ്ടു നിൽക്കുന്ന സ്ഥിതിയാണ്. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിക്കുകയും ചെയ്യുന്നു. സ്കൂൾ കുട്ടികൾക്കിടയിലും പനി വ്യാപനമുണ്ട്.
ഡെങ്കിയും എലിപ്പനിയും സൂക്ഷിക്കണം
ഈ മാസം ഇതുവരെ ജില്ലയിൽ 55 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 3 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 12 അതിഥി തൊഴിലാളികളിൽ മലേറിയ സ്ഥിരീകരിച്ചു. എച്ച്1എൻ1 രണ്ടെണ്ണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജാഗ്രത വേണം ഡെങ്കിയോട്
രോഗപ്രതിരോധത്തിന് കൊതുകു വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ പരിസര പ്രദേശങ്ങളിലോ ഇല്ല എന്നുറപ്പാക്കണം. വീടിനുള്ളിലും പുറത്തും അടുത്ത പറമ്പുകളിലും മഴവെള്ളം (ശുദ്ധജലം) കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുപ്പി, പാട്ട, ചിരട്ട, അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ, കളിപ്പാട്ടങ്ങൾ, റബർ ടാപ്പിങ് ചിരട്ടകൾ, കൊക്കോ തോടുകൾ, കമുക് പോളകൾ, വീടിന്റെ സൺഷേഡുകൾ, വെള്ളം നിറച്ച അലങ്കാര കുപ്പികൾ, ഉപയോഗ ശൂന്യമായ ടാങ്കുകൾ, ടയറുകൾ, വിറക് മൂടുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, പാറയുടെ പൊത്തുകൾ, മുളങ്കുറ്റികൾ, കുമ്പിൾ ഇലകളോടുകൂടിയ ചെടികൾ, മരപ്പൊത്തുകൾ തുടങ്ങിയ ഇടങ്ങളിൽ ഒരു സ്പൂണിൽ താഴെ വെള്ളം പോലും ഒരാഴ്ച തുടർച്ചയായി കെട്ടി നിന്നാൽ പോലും ഡെങ്കിപ്പനി പരത്തുന്ന കൊതുക് വളരും. ഇത് ഒഴിവാക്കുന്നതിന് ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിച്ച് വെള്ളം കെട്ടിക്കിടക്കുന്ന എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
എലിപ്പനി മാരകം
ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ പടർത്തുന്ന രക്താണുബാധയാണ് എലിപ്പനി. മനുഷ്യർക്കു പുറമേ നായകൾ, എലികൾ, മറ്റു വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ എന്നിവയെല്ലാം എലിപ്പനി ബാധിക്കാം. മനുഷ്യരിൽ പനി, തലവേദന, കാലുകളിൽ പേശീവേദന, കണ്ണിനു മഞ്ഞ, ചുവപ്പ് നിറം, മൂത്രത്തിന്റെ അളവു കുറഞ്ഞ് കടുത്ത നിറം, പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണം എന്നിവ കണ്ടാൽ എലിപ്പനി സംശയിക്കണം.
കരുതലോടെ നേരിടാം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യാതിരിക്കുക, എലി, അണ്ണാൻ, നായ, പൂച്ച, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യങ്ങൾ കലർന്ന വെള്ളത്തിൽ എലിപ്പനിയുടെ ബാക്ടീരിയകൾ ഉണ്ടാകാം. ഇത്തരം ജലത്തിലിറങ്ങി ജോലി ചെയ്യേണ്ടി വരുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ കഴിക്കണം.
കന്നുകാലി ഫാമുകൾ ഒട്ടേറെയുള്ളതിനാൽ ജില്ലയിൽ രോഗവ്യാപന സാധ്യതയുള്ള ഇടങ്ങളുമായി സമ്പർക്കം പുലർത്തേണ്ടി വരുന്നത് സാധാരണയാണ്. അതിനാൽ ക്ഷീരകർഷകർ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. എല്ലാവരും പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ ജലം മാത്രം കുടിക്കുക.
ശ്രദ്ധയോടെ ആരോഗ്യവകുപ്പ്
മറ്റു ജില്ലയിൽ മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ, ജില്ലയിലെ എല്ലാ റിസോർട്ടുകളിലും നീന്തൽ കുളങ്ങളിലും കൃത്യമായി ക്ലോറിനേഷൻ നടത്താനും, അത് നിശ്ചിത ഇടവേളകളിൽ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ജില്ലാ ആരോഗ്യ വകുപ്പ് അതത് മേഖലകളിലെ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലയിൽ ജില്ലയിൽ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ല. അതുപോലെ തന്നെ മറ്റു പകർച്ചവ്യാധികൾ സംബന്ധിച്ചും ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അറിയാം അമീബിക് മസ്തിഷ്ക ജ്വരത്തെ
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിൽ വളരെ അപൂർവമായി വരുന്ന രോഗമാണിത്. അമീബിക് എൻസഫലൈറ്റിസ് നേഗ്ലെറിയ ഫൗലേറി എന്നാണ് ഇതിന്റെ പൂർണ നാമം. വെള്ളത്തിൽ മുങ്ങുമ്പോൾ മൂക്കിലൂടെ പ്രവേശിച്ച് മൂക്കിനേയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലെ സുഷിരങ്ങൾ വഴിയോ കർണപടത്തിലുണ്ടാകുന്ന സുഷിരങ്ങളിലൂടെയോ അമീബ തലച്ചോറിലേക്ക് പ്രവേശിക്കും. എന്നാൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഈ രോഗം പടരില്ല.
ലക്ഷണങ്ങൾ ഇങ്ങനെ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്തു തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാൻ വിഷമം, ഭക്ഷണത്തോട് വിമുഖത, നിഷ്ക്രിയത്വം, അസാധാരണ പ്രതികരണങ്ങൾ. രോഗം ഗുരുതരമായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവയുണ്ടാകാം.