ആന ഭീതിയൊഴിയാതെ മറയൂർ: മോഴയാന കർഷകനെ ഓടിച്ചു
Mail This Article
പാമ്പൻപാറയിൽ തെക്കേൽ തോമസിനെ കഴിഞ്ഞദിവസം ആക്രമിച്ച കാട്ടാന ഇന്നലെ വീണ്ടുമൊരു കർഷകനെ ആക്രമിക്കാൻ ശ്രമിച്ചു. ഇന്നലെ രാവിലെ 6.15നു ചുരക്കുളത്തെ വീട്ടിൽ നിന്ന് സമീപത്തെ പറമ്പിലേക്ക് കൃഷിവിളകൾക്ക് വെള്ളം തിരിക്കാൻ പോയ വലിയപറമ്പിൽ സ്റ്റീഫനെയാണ് (70) മോഴയാന ആക്രമിക്കാൻ ശ്രമിച്ചു ഓടിച്ചത്.
സ്റ്റീഫനെ ഓടിക്കവേ പോസ്റ്റിലിടിച്ച് ആന നിന്ന് ദിശ തിരിഞ്ഞതിനാലാണ് സ്റ്റീഫൻ രക്ഷപ്പെട്ടത്. പയസ് നഗറിൽ നിന്ന് കഴിഞ്ഞദിവസം കാട്ടാനയാക്രമണമുണ്ടായ പാമ്പൻപാറയിലേക്ക് പോകുന്നത് ചുരക്കുളം വഴിയാണ്. മോഴയാനയെ തുരത്തിയെന്ന് മറയൂർ ഡിഎഫ്ഒ പറയുമ്പോഴും കാട്ടാന ജനവാസമേഖലയിൽ തന്നെ തുടരുകയാണ്.
സർവകക്ഷിയോഗം പരാജയം ; പ്രതിഷേധം കനത്തു
പയസ് നഗർ ആലിൻചുവട്ടിലെ എൻഎസ്എസ് കരയോഗം ഹാളിൽ ദേവികുളം ഡപ്യൂട്ടി തഹസീൽദാർ ആൻസി വിജിയുടെ അധ്യക്ഷതയിൽ കൂടിയ സർവകക്ഷി യോഗം അലസി പിരിഞ്ഞു. പരിഹാര നിർദേശങ്ങൾ സമരസമിതി അംഗങ്ങൾ നിർദേശിച്ചെങ്കിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ മാത്രമാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് ഡപ്യൂട്ടി തഹസീൽദാർ അറിയിച്ചതോടെ സമരക്കാർ പ്രതിഷേധത്തിലായി.
തുടർന്ന് ചർച്ചയില്ലെന്ന് പറഞ്ഞു ഇറങ്ങി പോയി. വന്യജീവി പ്രശ്നത്തിൽ സർക്കാർ പരിഹാര നടപടി നിർദേശിക്കാൻ തയാറാകാത്തതോടെ രാപകൽ സമരത്തിൽ നിന്ന് പിന്മാറില്ലെന്നു സമരസമിതി നേതാവും കാന്തല്ലൂർ മുൻ പഞ്ചായത്ത് പ്രസിഡന്റുമായ പി.ടി.മോഹൻദാസ് പറഞ്ഞു.
സാധ്യമായതെല്ലാം ചെയ്തെന്ന് മറയൂർ ഡിഎഫ്ഒ
സമരക്കാർ ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നാണ് പറയുന്നത്, അതിനാലാണ് ചർച്ചയ്ക്കായി എത്താത്തതെന്ന് മറയൂർ ഡിഎഫ്ഒ പി.ജെ.ഷുഹൈബ് വിശദീകരിച്ചു. കാട്ടാനയാക്രമണത്തിൽ പരുക്കേറ്റ തോമസിനുള്ള നഷ്ടപരിഹാര തുകയായ ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് നൽകിയിട്ടുണ്ട്. ആശുപത്രിയിൽ വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു. പ്രശ്നമുണ്ടാക്കിയ ആനയെ പ്രദേശത്ത് നിന്ന് തുരത്തിയിട്ടുണ്ട്.
ആന തിരിച്ചിറങ്ങാതിരിക്കാൻ സ്പെഷൽ ടീമിനെ വിന്യസിച്ചു. തോമസിന്റെ വയറിലുണ്ടായ മുറിവിൽ ശസ്ത്രക്രിയ നടത്തി, കാലിന്റെ മസിലിൽ ചതവുണ്ടെന്നാണ് ആശുപത്രിയിൽ നിന്ന് പറയുന്നത്. അതിനായി ഒബ്സർവേഷൻ ആവശ്യമാണ്. കാന്തല്ലൂർ പഞ്ചായത്തിൽ ഏഴിടങ്ങളിൽ ആനയെ തുരത്താനുള്ള വനംവകുപ്പിന്റെ സംഘമുണ്ടെന്നും മറയൂർ ഡിഎഫ്ഒ പറഞ്ഞു. ഓണത്തിന് മുൻപ് കാട്ടാനയെ കൃഷിയിടത്തിൽ നിന്ന് തുരത്താനുള്ള ദൗത്യം തീരുമാനിച്ചിരുന്നു. അത് നാളെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പറഞ്ഞറിഞ്ഞ്, കേട്ടറിഞ്ഞ് ജനങ്ങൾ സമരത്തിലേക്ക്
മറയൂർ∙ കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് മറയൂരിലെ ജനങ്ങൾ നടത്തുന്ന സമരത്തിന് ആദ്യ ദിനത്തേക്കാൾ ജനപങ്കാളിത്തം ഇന്നലെ കൂടി. സമയം കഴിയുംതോറും കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും കൂടുതൽ പേരാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനായെത്തുന്നത്. പകലെന്നോ രാവെന്നോ വ്യത്യാസമില്ലാതെ സമരത്തിൽ പങ്കെടുക്കാൻ കുട്ടികൾ ഉൾപ്പെടെയുള്ളവർ ഒഴുകിയെത്തുന്നു. ഇവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുകയാണ് ജനങ്ങളുടെ ലക്ഷ്യം.
വർഷങ്ങളായി പ്രദേശത്ത് കാട്ടാന ആക്രമണം കൂടുതലായിരുന്നെങ്കിലും കഴിഞ്ഞ 4 മാസമായി പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലേക്ക് മാറി. ജനങ്ങൾക്ക് ജോലിക്ക് പോകാൻ പോലും പറ്റാത്ത സ്ഥിതി. വിദ്യാർഥികൾ സ്കൂളിൽ പോകുന്നത് വരെ ഉപേക്ഷിച്ചു. ഓണത്തിനായി കരുതി വച്ച പച്ചക്കറിക്കൃഷി കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചപ്പോഴും സഹായത്തിനായി അധികൃതർ എത്തിയില്ല.
പലതവണ വനം വകുപ്പിൽ അറിയിച്ചെങ്കിലും ഡീസൽ ഇല്ല എന്നതുൾപ്പെടെയുള്ള മറുപടി ലഭിച്ചു. അന്നും പ്രതിഷേധങ്ങൾ നടത്തിയെങ്കിലും ഇത്രയും ശക്തമായില്ല. കഴിഞ്ഞ ദിവസം ജനവാസമേഖലയിൽ എത്തിയ കാട്ടാന കർഷകനെ ഉപദ്രവിച്ചതോടെയാണ് പ്രതിഷേധം വീണ്ടും ശക്തമായത്.
കാട്ടുപന്നി കുറുകെ ചാടി; പരുക്ക്
മറയൂർ∙ കാട്ടുപന്നി കുറുകെചാടി ഇരുചക്രവാഹന യാത്രക്കാരന് പരുക്ക്. മറയൂർ–കാന്തല്ലൂർ റോഡിൽ കോവിൽക്കടവിൽ വച്ചാണ് സംഭവം. കഴിഞ്ഞദിവസം രാത്രി 9 കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയാണ് പത്തടിപ്പാലം മാന്തോപ്പിൽ വീട്ടിൽ ഇളയരാജയുടെ (54) വാഹനത്തിന് കുറുകെ കാട്ടുപന്നി ചാടിയത്.
ബൈക്കിലിടിച്ചതിനെ തുടർന്നു മറിയുകയായിരുന്നു. കാലിന് പരുക്കേറ്റ ഇളയരാജ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കാന്തല്ലൂർ കോൺഗ്രസ് മണ്ഡലം സെക്രട്ടറി കൂടിയാണ് ഇളയരാജ. കാന്തല്ലൂർ വന്യജീവി പ്രശ്നത്തിൽ കോൺഗ്രസ് സമരങ്ങളുടെ ആലോചനായോഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം.