ആളെ വീഴിക്കുന്ന ഇരുമ്പ് ഗ്രിൽ മാറ്റൂ...
Mail This Article
തൊടുപുഴ ∙ നഗരസഭയുടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലെ അപകടക്കെണിക്കു പരിഹാരം കാണാൻ മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പാലാ റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഓടയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗ്രിൽ പലതും ഒടിഞ്ഞ് പോയതാണ് കാൽനട യാത്രക്കാരെ അപകടത്തിലാക്കുന്നത്.
ഇവിടെ ഏതാനും മാസങ്ങൾക്ക് മുൻപ് ബസ് സ്റ്റാൻഡിലേക്ക് പോയ കോട്ടയം സ്വദേശിനിയായ യുവതിയുടെ കാൽ ഗ്രില്ലിനിടയിൽപെട്ടിരുന്നു. കാൽ പുറത്തെടുക്കാനാവാതെ വന്നതോടെ യുവതി നിസ്സഹായവസ്ഥയിലായി റോഡിൽ ഏറെ സമയം ഇരിക്കേണ്ടി വന്നു. ബസ് ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ ഒട്ടേറെ ആളുകൾ ഓടിക്കൂടി കാൽ വലിച്ച് പുറത്തേക്കെടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
അവസാനം അഗ്നിരക്ഷാസേന എത്തി മെഷീൻ ഉപയോഗിച്ച് ഗ്രിൽ അകറ്റിയ ശേഷമാണ് കാൽ പുറത്തെടുക്കാനായത്. ഗ്രില്ലിനിടയിൽപെട്ട യുവതിയുടെ കാലിനു ചെറിയ പരുക്ക് ഏൽക്കുകയും ചെയ്തു. ഇതിനു ശേഷവും സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ പല യാത്രക്കാരും ഇവിടെ അപകടത്തിൽപെട്ടു.
അപകടം ഉണ്ടാകുമ്പോൾ നഗരസഭാ അധികൃതർ ചില ചെപ്പടി വിദ്യകളുമായി എത്തി ഒടിഞ്ഞ ഗ്രില്ലുകൾ മാത്രം മാറ്റും. എന്നാൽ വൈകാതെ അടുത്ത ഗ്രില്ലും ഒടിഞ്ഞു പോകും. ഇവിടെ നൂറു കണക്കിനു ബസുകളാണ് ഇതുവഴി ബസ് സ്റ്റാൻഡിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്നത്. വലിയ ഭാരവാഹനങ്ങൾ കയറുന്നതോടെ വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ ഒടിഞ്ഞുപോകുന്നതാണ് പ്രശ്നം.
ആയിരക്കണക്കിനു യാത്രക്കാർ ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് ഗ്രില്ലുകൾ മാറ്റി പുതിയവ സ്ഥാപിച്ച് അപകടം ഒഴിവാക്കാൻ നഗരസഭാ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നഗരവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.