വിദ്യാർഥികളെ കയറ്റാതെ സ്വകാര്യ ബസുകൾ; ഇവർ എങ്ങനെ വീട്ടിൽ പോകും?
Mail This Article
തൊടുപുഴ ∙ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചില സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റാതെ പെരുവഴിയിലാക്കുന്നതായി പരാതി. പൂമാല റൂട്ടിൽ ഓടുന്ന ചില ബസുകൾ സ്റ്റാൻഡിൽ എത്തുന്ന വിദ്യാർഥികളെ കയറ്റാതെ പോകുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്താണ് വിദ്യാർഥികളെ കയറ്റാതെ പോകുന്നത്. ഈ റൂട്ടിലുള്ള ബസുകൾക്ക് നിശ്ചയിച്ചിരിക്കുന്ന ട്രാക്കിൽ കയറ്റി ഇടാതെ ബസുകൾ സ്റ്റാൻഡിന്റെ പിൻ ഭാഗത്തായി പാർക്ക് ചെയ്യുകയും ഇവിടെ എത്തുന്ന മറ്റു യാത്രക്കാരെ മാത്രം കയറ്റിപ്പോകുകയും ചെയ്യുന്നതാണ് രീതി. ഇവിടേക്ക് വിദ്യാർഥികൾ എത്തിയാൽ വാതിൽക്കൽ നിൽക്കുന്ന ബസ് ജീവനക്കാർ ഇവരെ തടയും. അടുത്ത ബസിൽ പോരാനാണ് ഇവരോട് കൽപിക്കുന്നത്. ബസിൽ കയറാൻ ശ്രമിച്ചാൽ വിദ്യാർഥികളെ കയറ്റാതെ നിൽക്കുന്ന ജീവനക്കാരുടെ കാലിന്റെ ഇടയിലൂടെ ഞെരുങ്ങി വേണം ബസിൽ കയറി പറ്റാൻ.
സ്ത്രീകളും പെൺകുട്ടികളും എത്തിയാലും ബസിന്റെ വാതിലിൽ നിൽക്കുന്ന ബസ് ജീവനക്കാർ താഴേക്ക് ഇറങ്ങി നിൽക്കുകയോ അകത്തേക്ക് മാറി കൊടുക്കുകയോ ചെയ്യാറില്ല. ഇനി ഇവരുടെ തടസ്സം ഒഴിവാക്കി ബസിൽ കയറിയാലും വിദ്യാർഥികൾ ബസ് ജീവനക്കാരുടെ പുലഭ്യം കേൾക്കേണ്ട ഗതികേടാണ്. വിദ്യാർഥികൾ കയറുന്നതിനാൽ ഫുൾ ടിക്കറ്റ് യാത്രക്കാരെ കിട്ടുന്നില്ലെന്ന പരാതിയാണ് ബസ് ജീവനക്കാർക്ക്.
അതേ സമയം മറ്റ് റൂട്ടുകളിലൊന്നും ഇത്തരത്തിലുള്ള വിവേചനം കാണിക്കുന്നില്ലെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.ബസ് ജീവനക്കാരുടെ വിദ്യാർഥികളോടുള്ള വിവേചനത്തിനെതിരെ പൊലീസിലും ആർടിഒയ്ക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. അതേ സമയം ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഡ്യൂട്ടിക്ക് എത്തുന്ന പൊലീസുകാർ അതിനുള്ളിൽ ഇരുന്ന് വിശ്രമിക്കുന്നതല്ലാതെ ഇത്തരം വിഷയങ്ങളിൽ ഇടപെടാറില്ലെന്ന പരാതി നേരത്തേയുള്ളതാണ്. പരാതി പറഞ്ഞാലും ഇവർ ചെവിക്കൊള്ളാറില്ല.