രണ്ടാം മൈൽ–ഇരുട്ടുകാനം റോഡിൽ ഭാരവാഹനങ്ങൾ നിയന്ത്രിക്കണം; ആവശ്യവുമായി നാട്ടുകാർ
Mail This Article
മൂന്നാർ ∙ തിരക്കേറിയ രണ്ടാം മൈൽ–ഇരുട്ടുകാനം റോഡിൽ ഭാരവാഹനങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. മൂന്നാർ–അടിമാലി റൂട്ടിലെ ബൈപാസ് റോഡ് ഏറ്റവും തിരക്കേറിയ ആനച്ചാൽ വഴിയാണ് കടന്നുപോകുന്നത്. ഇതുവഴി ഭാരവാഹനങ്ങളും വലിയ ബസുകളും കടന്നുപോകുന്നതുമൂലം ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് പതിവാണ്. വീതി കുറഞ്ഞതും കൊടുംവളവുകൾ നിറഞ്ഞതുമായ ഈ പാത കൊച്ചി–ധനുഷ്കോടി ദേശീയപാതയെ അപേക്ഷിച്ച് 5 കിലോമീറ്റർ ദൂരം കുറവാണ്. ഈ ദൂരം ലാഭിക്കുന്നതിനായാണ് ഭാരവാഹനങ്ങളും മൾട്ടി ആക്സിൽ ബസുകളും ഇതുവഴി പതിവായി കടന്നുപോകുന്നത്.
മൂന്നാർ, വട്ടവട, കാന്തല്ലൂർ, മറയൂർ ഭാഗങ്ങളിൽനിന്നുള്ള ഗ്രാൻഡിസ് തടികൾ കയറ്റിയ ലോറികൾ പതിവായി ഇതുവഴിയാണ് കടന്നുപോകുന്നത്. ഭാരവാഹനങ്ങളും മൾട്ടി ആക്സിൽ ബസുകളും ഈ റൂട്ടിലെ എസ് വളവുകളിൽ കുടുങ്ങുന്നത് പതിവു കാഴ്ചയാണ്. ഇത്തരത്തിൽ വലിയ വാഹനങ്ങൾ വളവുകളിൽ കുടുങ്ങിക്കിടക്കുന്നതും തടി ലോറികൾ പിന്നാലെയെത്തുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാത്തതും കാരണം മിക്ക സമയങ്ങളിലും ഗതാഗത സ്തംഭിക്കുന്നത് പതിവായിരിക്കുകയാണ്. ഇത്തരം വാഹനങ്ങൾ രാത്രിയിലും പകലും ദേശീയപാത വഴിമാത്രം കടത്തിവിടാൻ നടപടിയെടുക്കണമെന്നാണാവശ്യം.