നിർമാണം നിർത്തി വച്ചു; റോഡിൽ ചാണകം മെഴുകി പ്രതിഷേധം
Mail This Article
അടിമാലി ∙ പ്രളയത്തിൽ തകർന്ന മാങ്കുളം പഞ്ചായത്തിലെ പെരുമ്പൻകുത്ത് ആറാംമൈൽ– അൻപതാം മൈൽ റോഡു നിർമാണം നിർത്തി വച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ വേറിട്ട പ്രക്ഷോഭം.കരിമുണ്ട സിറ്റിയിൽ തകർന്നു കിടക്കുന്ന റോഡിൽ ചാണകം മെഴുകിയാണു പ്രവർത്തകർ പ്രതിഷേധം നടത്തിയത്. 2018ൽ ഉണ്ടായ പ്രളയത്തിൽ ആണു റോഡ് തകർന്നത്.2 വർഷം മുൻപു റീ–ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നിർമാണത്തിനു നടപടി ആരംഭിച്ചിരുന്നു. 5 കീ.മീ ദൂരം വരുന്ന റോഡിനു 3.71 കോടി അനുവദിച്ചാണു 2022 മാർച്ച് 26ന് നിർമാണ ജോലികൾ ആരംഭിച്ചത്.
എന്നാൽ കലുങ്കുകളുടെ നിർമാണ പ്രവൃത്തികൾക്ക് ശേഷം റോഡ് കുത്തിപ്പൊളിച്ചു തുടർ ജോലികൾക്ക് തുടക്കം കുറിച്ചെങ്കിലും പണികൾ എങ്ങുമെത്തിയിട്ടില്ല. അശാസ്ത്രീയ നിർമാണത്തെ തുടർന്ന് 2023ലെ കാലവർഷത്തിൽ ആറാംമൈലിനു സമീപം റോഡ് ഇടിഞ്ഞു ഗതാഗതം പൂർണമായും നിലച്ചു.നാട്ടുകാരുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് ഇവിടെ സംരക്ഷണ ഭിത്തി നിർമിച്ചെങ്കിലും മറ്റ് നിർമാണ ജോലികൾ ഇഴയുകയായിരുന്നു.
അടുത്ത നാളിൽ പണികൾ നിർത്തിവച്ചു. മാങ്കുളത്തെ ഏക സർക്കാർ വിദ്യാലയം പ്രവർത്തിച്ചു വരുന്ന ചിക്കണാംകുടി, കള്ളക്കുട്ടികുടി, സുബ്രഹ്മണ്യൻകുടി, സിങ്കുകുടി തുടങ്ങി 4 ആദിവാസി സങ്കേതങ്ങളിലേക്കും 3 വാർഡുകളിലെ മറ്റു ജന വിഭാഗങ്ങളുടെയും കാൽനടയാത്രയും 6 വർഷമായി ദുരിതമായി ദുരിതത്തിലാണ്.
ഇത്തരം സാഹചര്യത്തിലാണു കോൺഗ്രസ് ആറാംമൈൽ വാർഡ് കമ്മിറ്റി വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജോൺ സി. ഐസക്ക് ഉദ്ഘാടനം നടത്തി. മണ്ഡലം പ്രസിഡന്റ് സാജു ജോസ്, ഇ.ജെ.ജോസഫ്, തോമസ് പൂവത്തുംമൂട്ടിൽ, ബിജു ജോർജ്, റോബിൻ തെള്ളിയാങ്കൽ, സണ്ണി ജോസഫ്, ലിബിൻ ബാബു, ജാൻസി ബിജു, ബോബി സണ്ണി, സാബു ദേവസ്യ എന്നിവർ പ്രസംഗിച്ചു.