വെള്ളവും വെളിച്ചവും ശുചിമുറിയും ഇല്ല; ഇടുക്കി ജില്ലയിലെ ചെക്പോസ്റ്റുകളിലെ ഓഫിസുകൾ ഇങ്ങനെ
Mail This Article
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിൽ 4 ചെക്പോസ്റ്റുകളാണ് പ്രവർത്തിക്കുന്നത്. മറയൂരിനു സമീപം ചിന്നാറിലും കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ ബോഡിമെട്ടിലും കമ്പംമെട്ടിലും കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാതയിലെ കുമളിയിലുമാണ് ഇവയുള്ളത്. അതിർത്തി കടത്താൻ ശ്രമിക്കുന്ന ലഹരി വസ്തുക്കൾ തടയുന്നതിൽ വലിയൊരു പങ്ക് ഈ ചെക്പോസ്റ്റുകൾക്കുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ജീവനക്കാരുടെ കുറവ് എന്നിങ്ങനെ ചെക്ക് പോസ്റ്റുകളിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്.
4 ചെക്പോസ്റ്റിലും ഇൻസ്പെക്ടറില്ല
ജില്ലയിലെ 4 എക്സൈസ് ചെക്പോസ്റ്റുകളിലും എക്സൈസ് ഇൻസ്പെക്ടർമാരുടെ കുറവുണ്ട്. കുമളിയിലേക്ക് നിലവിൽ വണ്ടിപ്പെരിയാർ ഓഫിസിലെ ഇൻസ്പെക്ടർക്കാണ് അധികച്ചുമതല നൽകിയിരിക്കുന്നത്. കമ്പംമെട്ടിലെയും ബോഡിമെട്ടിലെയും ചുമതല കട്ടപ്പന റേഞ്ച് ഓഫിസർക്കാണ്. ചിന്നാറിലെ അധിക ചുമതല മറയൂരിലെ ഇൻസ്പെക്ടർക്കാണ്. എക്സൈസ് ഇൻസ്പെക്ടർ തസ്തിക ഒഴിഞ്ഞു കിടന്നിട്ടും നിയമനം നടത്താൻ നടപടിയെടുക്കുന്നില്ല. അതിർത്തി കടന്നു വ്യാപകമായാണ് ലഹരി വസ്തുക്കൾ ജില്ലയിലേക്ക് എത്തുന്നത്. ഇതിൽ മുൻകൂട്ടി അറിയാൻ കഴിയുന്നവ മാത്രമാണ് പിടിക്കാൻ സാധിക്കുന്നത്. ഇവ പിടികൂടിയാൽ തന്നെ കേസെടുക്കാൻ കാത്തിരിക്കേണ്ട ഗതികേടിലാണ് എക്സൈസ് അധികൃതർ.
കുമളിയിൽ ശുചിമുറി അത്യാവശ്യം
കുമളിയിൽ 4 വകുപ്പുകളുടെ ഓഫിസ് പ്രവർത്തിക്കുന്നത് ഒരേ കെട്ടിടത്തിലാണ്. ഇവിടെ നാല് ഓഫിസിനും കൂടി ആകെയുള്ളത് ഒരു ശുചിമുറി; അതാകട്ടെ ഉപയോഗശൂന്യവും. അതിർത്തിയിൽ നികുതി വകുപ്പിന്റെ കെട്ടിടത്തിലാണ് എക്സൈസ്, മോട്ടർ വാഹനവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളും ജിഎസ്ടി ഡിപ്പാർട്മെന്റിന്റെ ഓഫിസും പ്രവർത്തിക്കുന്നത്. ജിഎസ്ടി നിലവിൽ വരുന്നതിനു മുൻപ് നികുതി വകുപ്പ് ചെക്പോസ്റ്റ് ഇതിന്റെ ഭാഗമായിരുന്നു. നികുതി വകുപ്പ് ചെക്പോസ്റ്റ് ഇല്ലാതായെങ്കിലും ജിഎസ്ടി ഡിപ്പാർട്മെന്റ് സ്ക്വാഡും ഉദ്യോഗസ്ഥരും ഇവിടെയുണ്ട്. ഇവർക്കെല്ലാം കൂടി ഉപയോഗിക്കാൻ ഒരു ശുചിമുറി മാത്രമാണുള്ളത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് പൊട്ടിയൊലിക്കുന്നതിനാൽ ഇത് ഇപ്പോൾ ഉപയോഗിക്കാനാവുന്നില്ല. കുമളി പഞ്ചായത്ത് ബസ് സ്റ്റാൻഡിന് സമീപമുള്ള കംഫർട്ട് സ്റ്റേഷൻ, സമീപത്തെ ഹോട്ടലുകൾ, ലോഡ്ജ് തുടങ്ങിയ സ്ഥലങ്ങളിലെ ശുചിമുറികളാണ് ഇവരുടെ ആശ്രയം.
24 മണിക്കൂറും പ്രവർത്തിക്കുന്ന ചെക്പോസ്റ്റിൽ പ്രാഥമിക ആവശ്യങ്ങൾക്കു പോലും സൗകര്യമില്ലെന്ന കാര്യം അധികൃതർക്കും ബോധ്യമുണ്ട്. എക്സൈസ് ഉദ്യോഗസ്ഥർ തങ്ങളുടെ ദയനീയാവസ്ഥ പൊതുമരാമത്ത് വകുപ്പിനെ രേഖാമൂലം അറിയിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ അവർ കണ്ണടച്ചു. 5000 രൂപ മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് ചെലവഴിക്കാനാകുക. ഈ തുക കൊണ്ട് ഈ ഭാഗത്തെ ശുചീകരണം പോലും നടക്കില്ലെന്നാണ് വിശദീകരണം.
ബോഡിമെട്ടിൽ വേണം കൂടുതൽ ജീവനക്കാർ
ബോഡിമെട്ടിൽ എക്സൈസ്, വനംവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവർക്കാണ് ചെക്പോസ്റ്റുകളുള്ളത്. 6 പേരാണ് ഒരു സമയം ജീവനക്കാരായുള്ളത്. ഒരു വർഷം മുൻപ് ഇവർക്ക് അടിസ്ഥാന സൗകര്യമൊരുക്കി കെട്ടിടം പണിതിട്ടുണ്ട്. സൗകര്യങ്ങളുണ്ടെങ്കിലും കാര്യക്ഷമമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങളുടെ അഭാവം ചെക്പോസ്റ്റിനെ അലട്ടുന്നുണ്ട്. ദേശീയപാതയായതിനാൽ കൂടുതൽ ജീവനക്കാർ വേണമെന്നാണ് ആവശ്യം.
ചിന്നാറിനോട് അവഗണന മാത്രം
ചിന്നാർ ചെക്പോസ്റ്റിൽ അടിസ്ഥാന സൗകര്യമൊന്നുമില്ല. വൈദ്യുതി എത്തിയിട്ടില്ല, ശുദ്ധജലമില്ല, ശുചിമുറി പോലുമില്ല. അധികൃതർ ഇങ്ങോട്ടു തിരിഞ്ഞു നോക്കുന്നില്ല. 50 വർഷത്തിലേറെയായി മറയൂരിൽ നിന്നു 16 കിലോമീറ്റർ അകലെ തമിഴ്നാട് – കേരള അതിർത്തിയായ ചിന്നാറിൽ വനംവകുപ്പ്, എക്സൈസ് ചെക്പോസ്റ്റുകൾ പ്രവർത്തനം തുടങ്ങിയിട്ട്. ചിന്നാർ വന്യജീവി സങ്കേതവും തമിഴ്നാട്ടിലെ ആനമല കടുവ സങ്കേതവും ഉൾപ്പെടുന്ന പ്രദേശമാണ് ചിന്നാർ വനമേഖല. ആന, കാട്ടുപോത്ത്, കടുവ എന്നിവ ഇവിടെ നിത്യസന്ദർശകരാണ്. മറയൂരിലെ ചന്ദനം കടത്തൽ വ്യാപകമായി നടന്നിരുന്നത് ഈ ചെക്പോസ്റ്റ് വഴിയാണ്. കൈക്കൂലിക്കും കുപ്രസിദ്ധി നേടിയതാണ് ഈ ചെക്പോസ്റ്റ്. വനംവകുപ്പ് ചെക്പോസ്റ്റിൽ 24 മണിക്കൂറും കർശന പരിശോധനയാണ് നടക്കുന്നത്. മുൻപ് മണ്ണെണ്ണ വിളക്കായിരുന്നു രാത്രി ആശ്രയം. ഇപ്പോൾ സോളർ ലാംപുകൾ പ്രവർത്തിക്കുന്നുണ്ട്. പരിശോധനയ്ക്ക് ടോർച്ച് ലൈറ്റിന്റെ കുറവ് വരെയുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മൊബൈൽ നെറ്റ്‌വർക് ഇവിടെ ലഭിക്കില്ല. ഇവർ ശുദ്ധജലം ശേഖരിക്കുന്നത് അടുത്തുള്ള തോട്ടിൽ നിന്നാണ്.
കമ്പംമെട്ടിന് വേണം കൂടുതൽ കരുതൽ
ജില്ലയിലെ പ്രധാന അതിർത്തിയായ കമ്പംമെട്ടിൽ തമിഴ്നാട് - കേരള പ്രധാന പാതയിൽ നിന്നു മാറി കമ്പംമെട്ട് - നെടുങ്കണ്ടം റോഡിലാണ് എക്സൈസ് ചെക്പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. അതിർത്തി കവാടത്തിൽ കാര്യക്ഷമമായി പരിശോധന നടത്തുന്നതിന് ഇതു തടസ്സമാകുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. തമിഴ്നാട് അതിർത്തിയോടു ചേർന്നുതന്നെ ചെക്പോസ്റ്റ് സ്ഥാപിച്ചാൽ ഈയൊരു പ്രശ്നം പരിഹരിക്കാനാകും. അതേസമയം, പ്രധാന ചെക്പോസ്റ്റിൽ പരിശോധന കർശനമായി നടപ്പാക്കുന്നുണ്ടെങ്കിലും വനാതിർത്തിയിലൂടെ ലഹരിക്കടത്ത് തുടരുന്നതായി ആക്ഷേപമുണ്ട്.