ഇടുക്കി മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടം ഇനി എന്ന് തുറക്കാനാണ്?
Mail This Article
ചെറുതോണി ∙ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തെങ്കിലും ഇടുക്കി മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടം ഇനിയും തുറന്നു നൽകിയില്ല. ഹോസ്റ്റൽ കെട്ടിടം തുറക്കാത്തതിൽ പ്രതിഷേധിച്ച് ഹോസ്റ്റലിനു മുന്നിൽ വിദ്യാർഥികൾ സമരം നടത്തി. പണിതീരാത്ത കെട്ടിടമാണ് മന്ത്രി ഉദ്ഘാടനം ചെയ്തതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. നിലവിൽ 200 വിദ്യാഥികൾ ഇവിടെ പഠിക്കുന്നുണ്ട്. ഈ മാസം 100 കുട്ടികൾകൂടി വരും. ഇപ്പോൾ തന്നെ ഒരു മുറിയിൽ എട്ടുപേർ വരെ താമസിക്കുന്നുണ്ട്. പല കുട്ടികളും സ്വകാര്യ ഹോസ്റ്റലുകളിലാണ് താമസിക്കുന്നത്.
ഉദ്ഘാടനം ചെയ്ത ഹോസ്റ്റലിലെ ശുചിമുറികൾ പലതും ബ്ലോക്കാണ്. കെട്ടിടത്തിന്റെ നിർമാണവും പൂർത്തിയായിട്ടില്ല. പുതിയ കുട്ടികളെത്തിയാൽ അവരെ ആന്റി റാഗിങ്ങിന്റെ പേരിൽ സംരക്ഷിക്കേണ്ടതിനാൽ നിലവിലുള്ള ഹോസ്റ്റൽ ഏറ്റെടുക്കേണ്ടിവരും. ഇത് കൂടുതൽ പ്രതിസന്ധിക്ക് ഇടയാക്കുമെന്ന് വിദ്യാർഥികൾ പറയുന്നു. ഇനിയും 45 ദിവസം കഴിഞ്ഞേ നിർമാണം പൂർത്തിയാകൂ എന്നാണ് നിർമാണ ഏജൻസികൾ പറയുന്നത്. അതിനാൽ അടിയന്തരമായി ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് വിദ്യാർഥികൾ പറയുന്നു.