ADVERTISEMENT

മൂന്നാർ∙ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി ഒരു വർഷമായിട്ടും ഗുണ്ടുമലയിലെ 8 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കണ്ടെത്താനും കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കാനും കഴിയാതെ അന്വേഷണ സംഘം. മുൻപ് അന്വേഷണം നടത്തിയ നർകോട്ടിക്സ് സംഘവും നിലവിലെ ക്രൈംബ്രാഞ്ച് സംഘവും പ്രതിയെന്ന് സംശയിച്ച അയൽവാസിയായ വയോധികനെ മൂന്നു തവണ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിട്ടും ക്രൈംബ്രാഞ്ച് സംഘത്തിന് തെളിവുകൾ ഒന്നും ലഭിച്ചില്ല. മരിച്ച കുട്ടിയുടെ അമ്മ, പിതാവ് എന്നിവരെയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു.

കുട്ടിയുടെ മരണം കൊലപാതകമാണോ, ആത്മഹത്യയാണോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ഇതുവരെ കൃത്യമായി എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ പീഡിപ്പിച്ചയാളെയും കണ്ടെത്താനാകാതെ വന്നതോടെയാണ് അന്വേഷണം എങ്ങുമെത്താതെ വഴിമുട്ടിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അഗസ്റ്റിൻ മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കഴിഞ്ഞ നവംബറിലാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.

2019 സെപ്റ്റംബർ 9നാണ് ഗുണ്ടുമല അപ്പർ ഡിവിഷനിലെ വീടിനുള്ളിൽ 8 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് വള്ളി കഴുത്തിൽ ചുറ്റി നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യ എന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിൽ കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായതായി കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്കു നീങ്ങിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലാതെ വന്നതോടെ നർകോട്ടിക് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറിയിരുന്നു.

ഫൊറൻസിക് വിദഗ്‌ധരടങ്ങുന്ന സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലും ഡമ്മി പരീക്ഷണത്തിലും മരണം കൊലപാതകമാണെന്നു കണ്ടെത്തി. പെൺകുട്ടിയെ കെട്ടിത്തൂക്കിയോ, പ്ലാസ്റ്റിക് വള്ളി കഴുത്തിൽ വലിച്ചു മുറുക്കിയോ ആണ് കൊലപാതകം നടത്തിയതെന്നായിരുന്നു മുൻ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മരിക്കുന്നതിന് 3 ദിവസം മുൻപു വരെ കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്നാണ് റിപ്പോർട്ട്.

English Summary:

The brutal assault and death of an 8-year-old girl in Munnar's Gundumala remain a mystery even after a year-long investigation by the Kerala Crime Branch. Despite conducting polygraph tests and forensic examinations, the investigators are yet to identify the perpetrator or determine if it was murder or suicide.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com