കുട്ടിക്കാനത്ത് കാർ കത്തി നശിച്ചു: ആളപായമില്ല
Mail This Article
കുട്ടിക്കാനം∙ ദേശീയപാതയിൽ കാർ കത്തി നശിച്ചു. കുട്ടിക്കാനം ജംക്‌ഷനിൽ ഇന്ന് വൈകിട്ട് ആറരയോടെയാണ് സംഭവം. തമിഴ്നാട് മധുര സ്വദേശികളായ ആരോഗ്യരാജ്, ഭാര്യാ മാതാവ് റോസ്നി എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് പൂർണമായും കത്തിയത്. കാറിൽ നിന്നു പുക ഉയരുന്നത് കണ്ട യാത്രക്കാർ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങി. ഇതുമൂലം വലിയ അപകടം ഒഴിവായി.
ഇതിനിടെ പീരുമേട്ടിൽ നിന്നു അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണ വിധേയമാക്കുന്നതിനിടെ വെള്ളം തീർന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു. പിന്നീട് അഗ്നിരക്ഷാസേനയുടെ മറ്റൊരു വാഹനം എത്തിയാണ് തീയണച്ചത്. അഗ്നിരക്ഷാ സേന സംഭവസ്ഥലത്തേക്ക് എത്താൻ വൈകിയെന്നും പരാതി ഉയർന്നു. പ്രദേശവാസികളുമായി ഉടലെടുത്ത സംഘർഷാവസ്ഥ പൊലീസ് ഇടപെട്ടു ഒഴിവാക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.