കുടുംബശ്രീ ഫെയ്മസ് ബേക്കറി സ്വകാര്യ സ്ഥാപനത്തിന് നൽകാൻ നീക്കം
Mail This Article
കുഞ്ചിത്തണ്ണി ∙ ഒരു പതിറ്റാണ്ട് കാലമായി ജില്ലയിലെ ബേക്കറി വ്യാപാരരംഗത്തു കാര്യക്ഷമമായി പ്രവർത്തിച്ച ബൈസൺവാലി പഞ്ചായത്തിന്റെ കുടുംബശ്രീ സംരംഭമായ ഫെയ്മസ് ബേക്കറി നടത്തിപ്പിനായി സ്വകാര്യ സ്ഥാപനത്തിനു നൽകാൻ നീക്കം. രാജാക്കാട്ട് മറ്റൊരു സ്വകാര്യ ബേക്കറി നടത്തുന്ന വ്യക്തിക്കാണു ബേക്കറി കൈമാറുന്നത്. അഞ്ചുവർഷത്തെ കാലയളവിലേക്കു വാടകയ്ക്കു നൽകണമെന്നാണ് ഈ വ്യക്തി പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2013ലാണു ബൈസൺവാലി പഞ്ചായത്തിന്റെ കുടുംബശ്രീ സംരംഭമായ ഫെയ്മസ് ബേക്കറി ആരംഭിക്കുന്നത്. കുറഞ്ഞകാലം കൊണ്ടു ബേക്കറി വ്യാപാരരംഗത്ത് ഒന്നാമതായി ബേക്കറി മാറി. കേരള സർക്കാരിന്റെ മികച്ച കുടുംബശ്രീ വ്യവസായ സംരംഭത്തിനുള്ള അവാർഡും 2018ൽ ബേക്കറിയെ തേടിയെത്തി. പഞ്ചായത്ത് 80 ലക്ഷം രൂപ മുടക്കിയാണ് ഫെയ്മസ് ബേക്കറിക്കായി കെട്ടിടം നിർമിച്ചു നൽകിയത്. എന്നാൽ, പിന്നീട് കെടുകാര്യസ്ഥതയും അഴിമതിയും കാരണം ബേക്കറി കടക്കെണിയിലായി.
കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് വിവിധ ബാങ്കുകളിലായി ബേക്കറിക്കുള്ളത്. സാധനങ്ങൾ വാങ്ങിയ ഇനത്തിൽ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ലക്ഷങ്ങൾ നൽകാനുണ്ട്. ഇതിനിടെ 2023ൽ ബേക്കറിയുടെ പ്രവർത്തനം ഒരു സ്വകാര്യ വ്യക്തിയെ ഏൽപിക്കുകയും ചെയ്തു. എന്നാൽ തുടർന്ന് പുതിയ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തപ്പോൾ വീണ്ടും കുടുംബശ്രീ ബേക്കറിയുടെ നടത്തിപ്പ് വീണ്ടും കുടുംബശ്രീ പ്രവർത്തകരെ ഏൽപിച്ചു. കഴിഞ്ഞ എന്നാൽ സെപ്റ്റംബർ 14ന് ബേക്കറി വീണ്ടും അടച്ചു. ഈ ബേക്കറിയാണ് ഇപ്പോൾ രാജാക്കാട്ടുള്ള സ്വകാര്യ വ്യക്തിക്ക് നൽകുന്നതിനു നീക്കം നടക്കുന്നത്.