ചാലി, ഈ ബുള്ളറ്റിന്റെ ഐശ്വര്യം; ഓമനപ്പൂച്ച ചാലിക്കൊപ്പം ബുള്ളറ്റ് റൈഡുമായി സജ്മ
Mail This Article
തൊടുപുഴ ∙ ബുള്ളറ്റ് ഓടിച്ചുപോകുന്ന 21 വയസ്സുകാരിയായ സജ്മ സലീമിനെ അല്ല, സജ്മയുടെ ബാക്ക് പാക്ക് കാണുന്നതിലാണ് ആളുകൾക്ക് കൗതുകം. ബാഗിനുള്ളിൽ പമ്മിയിരിക്കുന്ന തൂവെള്ള നിറത്തിൽ നീല കണ്ണുകളുള്ള പേർഷ്യൻ പൂച്ചയാണ് താരം. അതാണ് സജ്മയുടെ കൂട്ടുകാരൻ ‘ചാലി’. പൂച്ചയുമായുള്ള കൂട്ട് തുടങ്ങിയിട്ട് ഒരു വർഷമായി. റൈഡർ കൂടിയായ സജ്മ, കൊണ്ടുപോകാൻ പറ്റുന്ന സ്ഥലങ്ങളിലേക്കെല്ലാം ചാലിയെയും കൊണ്ടുപോകും.
തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷം വിദ്യാർഥിനിയായ സജ്മയ്ക്കു ചെറുപ്പം മുതൽ തുടങ്ങിയതാണ് പൂച്ചയോടുള്ള പ്രേമം. ആലപ്പുഴ കോമാലോർ ചുനക്കര വീട്ടിൽനിന്ന് തൊടുപുഴ നഗരത്തിൽ എത്തിയപ്പോഴാണ് കുഞ്ഞുനാളിൽ ഒളിച്ചിരുന്ന പൂച്ച സ്നേഹം പുറത്തെത്തിയത്. പഠനവും തനിച്ചുള്ള ജീവിതവും ബോറടി ആയതോടെയാണ് ഓൺലൈൻ വഴി മലപ്പുറത്തുനിന്നു ചാലിയെ വാങ്ങുന്നത്. രാവിലെ കോളജിലേക്കു വരുമ്പോൾ പൂച്ചയെ മുറിയിലാക്കും. വൈകിട്ട് എത്തിയാൽ കളിയും കുസൃതിയുമായി കുറച്ചുനേരം, ശേഷം ചായ കുടിക്കാനായി രണ്ടാളും കൂടി ബുള്ളറ്റിൽ പുറത്തുപോകും.
ഇടുക്കിയുടെ സൗന്ദര്യ ആസ്വദിച്ചുള്ള ബുള്ളറ്റ് യാത്ര പൊളിയാണെന്ന് സജ്മ പറയുന്നു. ബുള്ളറ്റിൽ ചാലിയുമായി ലഡാക്കിലേക്ക് യാത്ര പോകാനുള്ള തയാറെടുപ്പിലാണ് ഈ കൊച്ചുമിടുക്കി. സലീം– ലൈജു ദമ്പതികളുടെ മൂത്തമകളായ സജ്മയ്ക്കു ലോ കോളജിലെ പഠനത്തിനു ശേഷം കാനഡയിൽ എൽഎൽഎം ചെയ്യാനാണ് താൽപര്യം. അങ്ങനെയെങ്കിൽ ചാലിയും ഒപ്പമുണ്ടാകും.