ബസ് അപകടം: കാരണം റോഡിന്റെ ശോചനീയാവസ്ഥ വില്ലനായത് വീതിക്കുറവ്, വളവും ഇറക്കവും
Mail This Article
അടിമാലി ∙ കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ ആറാംമൈലിനു സമീപം മൂന്നാറിൽ നിന്ന് അടൂരിനു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെടാനുള്ള പ്രധാന കാരണം റോഡിന്റെ ശോചനീയാവസ്ഥ. പാതയുടെ വീതിക്കുറവും വളവു ഇറക്കവുമാണ് അപകടത്തിലേക്ക് നയിച്ചത്. കോതമംഗലം ഭാഗത്തു നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസിന് സൈഡ് കൊടുക്കുമ്പോഴാണ് തിട്ടയിടിഞ്ഞ് ബസ് അപകടത്തിൽപെട്ടത്. അപകടത്തിന് തൊട്ടു മുൻപു വരെ പെയ്ത മഴയെത്തുടർന്ന് റോഡിലെ വഴുക്കലും അപകടത്തിന് കാരണമായി.
റോഡിന്റെ വശത്തിന് സ്ഥലം കൊടുക്കാതെ ടാറിങ്
ടാറിങ്ങിന്റെ വശത്ത് കൃത്യമായി അകലം നൽകാതെ പൂർണമായി ടാറിങ് നടത്തിയിരുന്നു. ഇതെ തുടർന്ന് റോഡരികിൽ പതിയിരിക്കുന്ന അപകടം ഡ്രൈവർക്ക് മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞില്ല. ടൂറിസ്റ്റ് വാഹനത്തിന് സൈഡു കൊടുക്കുന്നതിനായി ടാറിങ് സൈഡിലേക്ക് കെഎസ്ആർടിസി ഒതുക്കിയതോടെയാണ് റോഡിടിഞ്ഞ് വാഹനം കൊക്കയിലേക്ക് പതിച്ചത്.
ക്രാഷ് ബാരിയർ ഇല്ല
അപകടങ്ങൾ നിത്യസംഭവമായി മാറുന്ന മേഖലയിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ നടപടിയെടുത്തിട്ടില്ല. ഇതാണ് അപകടത്തിനു മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നേര്യമംഗലം വനമേഖലയിൽ തുടർച്ചയായി മഴ ലഭിക്കുന്നതിനെ തുടർന്ന് മുൾപ്പടർപ്പുകളും മറ്റും പാതയിലേക്ക് വളർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്. ഇതെത്തുടർന്ന് റോഡരികിലെ അപകടക്കെണി മനസ്സിലാക്കാൻ കഴിയാതെ വരുന്നുണ്ട്.
വഴി മാറിയത് വൻ ദുരന്തം
നോക്കെത്താ ദൂരത്തെ കൊക്കയിലേക്ക് വാഹനം പതിക്കുമെന്ന സാഹചര്യം ഒഴിവായത് കെഎസ്ആർടിസി 2 മരങ്ങളിൽ തങ്ങി നിന്നതോടെയാണ്. ഒരു വർഷത്തിനിടയിൽ രണ്ടാം തവണയാണ് ഈ മരങ്ങൾ അപകടത്തിൽപെടുന്ന വാഹനങ്ങൾക്ക് രക്ഷകരായത്. മാസങ്ങൾക്കു മുൻപ് ഇവിടെ കോതമംഗലം – അടിമാലി റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് അപകടത്തിൽ പെട്ടിരുന്നു. ഇതേ മരങ്ങളിൽ തങ്ങി നിന്നതാണ് അപകടത്തിന്റെ തീഷ്ണത കുറച്ചതെന്ന് രക്ഷാ പ്രവർത്തനത്തിന് എത്തിയ യുവാക്കൾ പറഞ്ഞു.
രക്ഷകരായി യുവാക്കളുടെ സംഘം
അപകട വിവരം അറിഞ്ഞ ഉടൻ ആദ്യാവസാനം രക്ഷാപ്രവർത്തനത്തിന് യുവാക്കളുടെ സംഘം. ഹൈവേ ജാഗ്രതാ സമിതി പ്രവർത്തകർ, വാളറയിലെ വിവിധ സ്പൈസസ് ഷോപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ മഴയെ വകവയ്ക്കാതെയാണ് ഇവർ രക്ഷാപ്രവർത്തനം നടത്തിയത്. ചെരിവുള്ള സ്ഥലത്തു കൂടി വാഹനത്തിന് അടുത്തേക്കെത്തുക എന്നത് ഏറെ ദുഷ്കരമായിരുന്നു.
എന്നിരുന്നാലും വടത്തിന്റെ സഹായത്തോടെ അപകടത്തിൽപെട്ട ബസിനുള്ളിൽ അകപ്പെട്ടവരെ ഇവർ സാഹസികമായാണ് റോഡിലെത്തിച്ചത്. രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തിൽ എത്തിയപ്പോഴാണ് അഗ്നിരക്ഷാസേന, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ സംഭവ സ്ഥലത്ത് എത്തിയത്. തുടർന്ന് ഇവരും രക്ഷാ പ്രവർത്തനത്തിന് യുവാക്കൾക്കൊപ്പം ചേരുകയായിരുന്നു.