10 ചെയിനിലെ കർഷകർക്ക് പട്ടയം: പരിഗണനയിൽ ഇല്ലെന്ന് മന്ത്രി
Mail This Article
അടിമാലി ∙ ജില്ലയിലെ വിവിധ അണക്കെട്ടുകളുമായി ബന്ധപ്പെട്ടുള്ള 10 ചെയിൻ പ്രദേശത്തെ കർഷകർക്ക് പട്ടയം നൽകുന്ന കാര്യം പരിഗണനയിൽ ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. അപ്പർ ചെങ്കുളം വൈദ്യുത പദ്ധതിയുടെ നിർമാണോദ്ഘാടനം നടത്തിയതിനു ശേഷം ചിത്തിരപുരത്ത് മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി. കല്ലാർകുട്ടി ഉൾപ്പെടെയുള്ള വിവിധ അണക്കെട്ടുകളുടെ 10 ചെയിൻ മേഖലകളിൽ 3 ചെയിൻ ഒഴിവാക്കി ശേഷിക്കുന്ന സ്ഥലത്തിന് പട്ടയം നൽകാൻ അന്നത്തെ വൈദ്യുത മന്ത്രി എം.എം.മണി മുൻകൈ എടുത്തിരുന്നു.
ഇതനുസരിച്ച് കല്ലാർകുട്ടി അണക്കെട്ടിന്റെ ഇരു വശങ്ങളിൽ താമസിക്കുന്ന കർഷകർക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി സർവേ നടപടികൾ നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിനു മുൻപാണ് സർവേ നടന്നത്. എന്നാൽ അനന്തര നടപടികൾ നീളുകയാണ്. ഇതു സംബന്ധിച്ചുള്ള ചോദ്യത്തിനാണ് അണക്കെട്ടുകളുടെ 10 ചെയിൻ മേഖലകളിലെ കർഷകർക്ക് പട്ടയം നൽകാൻ തീരുമാനമില്ലെന്ന് മന്ത്രി അറിയിച്ചത്. ഇങ്ങനെയുള്ള സ്ഥലങ്ങൾ വൈദ്യുത ബോർഡിന്റെ വിവിധ ആവശ്യങ്ങൾക്കു വേണ്ടി വിനിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.