ഡെങ്കിപ്പനി പടരുന്നു; ഈ മാസം രോഗം സ്ഥിരീകരിച്ചത് 17 പേർക്ക്
Mail This Article
തൊടുപുഴ ∙ ജില്ലയിൽ പിടിവിടാതെ ഡെങ്കിപ്പനി. ഈ മാസം 17 പേർക്കു രോഗം സ്ഥിരീകരിച്ചു. ഡെങ്കിപ്പനി മൂലമുള്ള ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം സംശയിക്കുന്നവർ 93. തൊടുപുഴ ഉൾപ്പെടെ ലോറേഞ്ച് മേഖലകളിലാണ് കൂടുതൽ ഡെങ്കിപ്പനി കേസുകൾ. ആരോഗ്യവകുപ്പിന്റെ കണക്കിനെക്കാൾ കൂടുതൽ ഡെങ്കിപ്പനി ബാധിതർ ജില്ലയിലുള്ളതായും സൂചനയുണ്ട്.
വിവിധ സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയവർ ഏറെയുണ്ട്. ഇടവിട്ടുള്ള മഴയെത്തുടർന്നാണു പനിബാധിതരുടെ എണ്ണം കൂടിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുക് വളരാനുള്ള സാഹചര്യം വർധിപ്പിക്കും. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ സർവൈലൻസ് ഓഫിസർ ഡോ. ജോബിൻ ജി.ജോസഫ് പറഞ്ഞു. പനി ഉണ്ടായാൽ എത്രയും വേഗം ചികിത്സ തേടണം. സ്വയംചികിത്സ ചെയ്യുന്നത് ഒഴിവാക്കണം.
വൈറൽ പനിയെത്തുടർന്ന് ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇന്നലെ 309 പേർ ചികിത്സ തേടി. ഈ മാസം 6439 പേർ പനി ബാധിച്ച് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.ജില്ലയിൽ ഈ മാസം 24 പേർക്കു ചിക്കൻപോക്സും 31 കുട്ടികൾക്കു മുണ്ടിനീരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനക്കാരായ 15 പേർക്കു മലേറിയ സ്ഥിരീകരിച്ചു.