മലയോര ഹൈവേ നിർമാണം: കുഴിയോടു കുഴി, അപകട ഭീഷണി
Mail This Article
മേരികുളം∙ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി രണ്ടിടങ്ങളിൽ തീർത്ത കുഴികൾ വൻ അപകട ഭീഷണി സൃഷ്ടിക്കുന്നു. നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ സഞ്ചരിക്കുന്ന സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിനു മുൻവശത്ത് രണ്ടിടങ്ങളിലാണ് കുഴികൾ തീർത്തിട്ടിരിക്കുന്നത്. മാസങ്ങൾക്കു മുൻപാണ് ഇവിടെ കുഴിയെടുത്തത്. ഹൈസ്‌കൂളിന്റെ പ്രവേശന കവാടത്തോടു ചേർന്നു നിന്നിരുന്ന വാക മരം മുറിച്ചുമാറ്റി അവിടെ നടപ്പാത ഒരുക്കാനാണ് ലക്ഷ്യമിട്ടത്. മരം മുറിച്ചുമാറ്റിയശേഷം ഇതിന്റെ മരക്കുറ്റികൂടി നീക്കാനായാണ് കുഴിയെടുത്തത്.
എന്നാൽ മരക്കുറ്റി ഇപ്പോഴും അവിടെ അവശേഷിക്കുകയാണ്. ഇതിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് ചെയ്ത് നടപ്പാത ഒരുക്കുകയും ചെയ്തു. മരക്കുറ്റി നിൽക്കുന്ന ഭാഗത്തെ മണ്ണ് ടാറിങ് റോഡിൽ ഉൾപ്പെടെ കൂനകൂട്ടിവച്ചിരിക്കുകയാണ്. ഇതു വാഹന യാത്രികർക്കും ഭീഷണിയാകുന്നു. ഹയർസെക്കൻഡറി സ്‌കൂളിന്റെ പ്രവേശന കവാടത്തിനു മുൻപിൽ നടപ്പാത തീർക്കാനുള്ള ഭാഗത്തെ മണ്ണ് താഴ്ത്തിനീക്കിയെങ്കിലും കോൺക്രീറ്റ് ചെയ്യാത്തതിനാൽ അപകടങ്ങൾ വർധിക്കുകയാണ്. ഇവിടെ രണ്ട് കാറുകൾ കുഴിയിൽ അകപ്പെട്ടിരുന്നു. അവ അധ്യാപകർ അടക്കമുള്ളവർ ചേർന്ന് ഉയർത്തിയാണ് കുഴിയിൽനിന്ന് കയറ്റിയത്.
നവംബർ 8, 13, 14, 15 തീയതികളിൽ ഈ സ്‌കൂളിലാണ് കട്ടപ്പന ഉപജില്ലാ സ്‌കൂൾ കലോത്സവം സംഘടിപ്പിക്കുന്നത്. ഒട്ടേറെ വിദ്യാർഥികളും രക്ഷിതാക്കളുമെല്ലാം എത്തുമ്പോൾ രണ്ടിടങ്ങളിൽ അപകടഭീഷണി നിലനിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. റോഡ് ടാർ ചെയ്ത് മെച്ചപ്പെടുത്തിയതിനാൽ വാഹനങ്ങൾ വേഗത്തിലാണ് ഇതുവഴി സഞ്ചരിക്കുന്നത്. നടപ്പാതയുടെ ഭാഗത്ത് കുഴിയായതിനാൽ റോഡിലേക്ക് ഇറങ്ങി നടന്നാൽ അപകടത്തിൽപെടാനുള്ള സാധ്യതയുമേറെയാണ്. കലോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ നടത്തുന്നതിനും ഈ കുഴികൾ ഭീഷണിയായി മാറിയിരിക്കുകയാണ്. കരാറുകാരനോടും പഞ്ചായത്ത് അധികൃതരോടും അപകടാവസ്ഥ വ്യക്തമാക്കിയിട്ടും പരിഹരിക്കാൻ നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.