കുരങ്ങ് ശല്യം രൂക്ഷം; ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചത് 1000 കിലോയിലേറെ കാരറ്റ്
Mail This Article
മൂന്നാർ ∙ വട്ടവട കൊട്ടാക്കമ്പൂർ മേഖലയിൽ കുരങ്ങ് ശല്യം രൂക്ഷമായി. ഏക്കർ കണക്കിന് സ്ഥലത്തെ കാരറ്റും പഴവർഗങ്ങളും തിന്നു നശിപ്പിച്ചു. കൊട്ടാക്കമ്പൂർ ഇടനട്ടിയിലാണ് കുരങ്ങ് ശല്യം രൂക്ഷമായിരിക്കുന്നത്. ഇടനട്ടിയിൽ വി.രാജീവിന്റെ ഒരേക്കർ സ്ഥലത്തെ വിളവെടുക്കാറായി നിന്നിരുന്ന കാരറ്റ് കൃഷി കഴിഞ്ഞ ദിവസം കൂട്ടത്തോടെയെത്തിയ കുരങ്ങുകൾ തിന്നുനശിപ്പിച്ചു. കാരറ്റ് പറിച്ചെടുത്ത കുരങ്ങുകൾ കുറച്ചുതിന്നശേഷം ഉപേക്ഷിക്കുകയായിരുന്നു.
1000 കിലോയിലേറെ കാരറ്റാണ് ഒറ്റ ദിവസം കൊണ്ട് നശിപ്പിച്ചത്. 100 ഗ്രാമിന് 4,500 രൂപ വിലയുള്ള വിത്തുകളാണ് ഇത്തവണ കൃഷി ചെയ്തിരുന്നത്. വിളവെടുക്കാൻ ആഴ്ചകൾ മാത്രമാണുണ്ടായിരുന്നത്. സമീപത്തുള്ള പുഷ്പരാജിന്റെ അടക്കം ഒട്ടേറെയാളുകളുടെ കൃഷിയിടങ്ങളിലും കുരങ്ങുകൾ ഇറങ്ങി പാഷൻ ഫ്രൂട്ട്, പേരയ്ക്ക എന്നിവയും വ്യാപകമായി നശിപ്പിച്ചു. ശീതകാല പച്ചക്കറി കൃഷികളുടെ കേന്ദ്രമായ വട്ടവടയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നതിനിടയിലാണ് കുരങ്ങ് ശല്യവും തുടങ്ങിയത്.