ശക്തമായ മഴയിൽ മണ്ണിടിച്ചിൽ; മൺതിട്ടകൾ റോഡിലേക്ക് നിലംപൊത്തി
Mail This Article
പീരുമേട് ∙ ശക്തമായ മഴയിൽ കെകെ റോഡിൽ കുട്ടിക്കാനത്തിനും പെരുവന്താനത്തിനും ഇടയിൽ ഒന്നിലേറെ സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മൺതിട്ടകൾ റോഡിലേക്ക് നിലംപൊത്തുകയായിരുന്നു. കുട്ടിക്കാനത്തിന് സമീപം വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ദേശീയപാതയിലേക്കു വീണു. അര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.
അഗ്നിരക്ഷാസേനയും പൊലീസും എത്തി മണ്ണ് നീക്കിയതിനുശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പീരുമേട് അഗ്നിരക്ഷാ യൂണിറ്റ് ഓഫിസിനു സമീപം മണ്ണിടിഞ്ഞ് ഓടയിൽ വീണ് റോഡിൽക്കൂടി വെള്ളം ഒഴുകിയത് വാഹന യാത്രക്കാർക്ക് വലിയ പ്രതിസന്ധിയായി. കൂടാതെ ദേശീയ പാതയിൽ പല ഭാഗങ്ങളിലും മണ്ണിടിഞ്ഞ് റോഡിൽ പതിച്ചു.
ശനിയാഴ്ച പകൽ 3 മണിക്ക് ആരംഭിച്ച മഴ രാത്രി 7 മണിയോടെയാണ് അവസാനിച്ചത്.തൊടുപുഴ മുള്ളരിങ്ങാട് ശക്തമായ മഴയിൽ ചെറിയ തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് സ്കൂട്ടർ ഒഴുകിപ്പോയി. സ്കൂട്ടർ യാത്രികൻ ജമീൽ വെട്ടിക്കൽ രക്ഷപ്പെട്ടു.
അമയൽതൊട്ടി ഭാഗത്ത് ഇന്നലെ വൈകിട്ടാണ് അപകടം. കട്ട കളത്തിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജമീൽ. തോട് കവിഞ്ഞ് റോഡിൽ നിറഞ്ഞ് ഒഴുകിയ വെള്ളത്തിൽ സ്കൂട്ടർ ഒഴുകിപ്പോകുകയായിരുന്നു. ജമീലും ഒഴുക്കിൽപെട്ടെങ്കിലും നാട്ടുകാർ കരയിൽ കയറ്റുകയായിരുന്നു.
റോഡ് ഇടിഞ്ഞു: ഗതാഗതം നിരോധിച്ചു
ഉപ്പുതറ ∙ ചപ്പാത്ത്-ചെങ്കര റോഡിൽ സിമന്റ്പാലത്ത് സംരക്ഷണഭിത്തി നിർമാണം നടക്കുന്ന ഭാഗത്ത് റോഡ് ഇടിഞ്ഞു. ഇതേത്തുടർന്ന് ഇതുവഴി ചെറുവാഹനങ്ങൾ ഒഴികെയുള്ളവയുടെ ഗതാഗതം നിരോധിച്ചു. അടിക്കടി മണ്ണിടിഞ്ഞിരുന്ന ഈ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കാൻ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽനിന്ന് 9 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ദിവസം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണുനീക്കിയിരുന്നു. ഈ ഭാഗത്താണ് ശക്തമായ മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായത്.
ചപ്പാത്തിൽനിന്ന് ചെങ്കര, കുമളി, വണ്ടിപ്പെരിയാർ തുടങ്ങിയ മേഖലകളിലേക്ക് പോകാൻ ഉപയോഗിക്കുന്ന പാതയാണിത്. മണ്ണിടിഞ്ഞതോടെ ചെറുവാഹനങ്ങൾക്ക് കഷ്ടിച്ചു കടന്നുപോകാനുള്ള വീതി മാത്രമേയുള്ളൂ. റോഡിന് താഴ്‌വശത്തുകൂടിയാണ് പെരിയാർ കടന്നുപോകുന്നത്. ഈ സാഹചര്യത്തിലാണ് അപകട സാധ്യത കണക്കിലെടുത്ത് ചെറുവാഹനങ്ങൾ ഒഴികെയുള്ളവയുടെ ഗതാഗതം നിരോധിച്ചത്.