ADVERTISEMENT

രാജകുമാരി ∙ വന്യജീവി ആക്രമണങ്ങൾ കൊണ്ടു പൊറുതിമുട്ടിയ മലയോര മേഖലയിലെ ഏലം കർഷകർക്കു വെല്ലുവിളിയായി അധിനിവേശജീവികളും ഷഡ്പദങ്ങളും. പച്ചത്തത്ത (മലബാർ പാരക്കീറ്റ്), ഒച്ചുകൾ, വെട്ടുകിളിയോടു സാമ്യമുള്ള പുള്ളിപ്പുൽച്ചാടി (സ്പോട്ടഡ് ലോക്കസ്റ്റ്) എന്നിവയാണ് ഏലം കർഷകരുടെ ഉറക്കം കെടുത്തുന്നത്.ഏലത്തിനു ശരാശരി 2250 രൂപ വരെ വിലയുണ്ടെങ്കിലും ഇത്തരം ജീവികളുടെ ആക്രമണവും കാലാവസ്ഥാ വ്യതിയാനവും മൂലം ഉൽപാദനത്തിൽ വലിയ ഇടിവാണു സംഭവിച്ചിരിക്കുന്നത്. കീടരോഗ നിയന്ത്രണത്തിനായി വില കൂടിയ കീടനാശിനികൾ പ്രയോഗിക്കുന്നതു കൂടാതെ ഇത്തരം ജീവികളെ തുരത്താനും പണം മുടക്കേണ്ടി വരുന്നത് ഉൽപാദനച്ചെലവ് ഇരട്ടിയാക്കി. കാലാവസ്ഥാവ്യതിയാനം ഇത്തരം അധിനിവേശ ജീവികളുടെ വർധനയ്ക്കു കാരണമായെന്നാണു      വിദഗ്ധർ പറയുന്നത്.

നെടുങ്കണ്ടം മേഖലയിലാണു പച്ചത്തത്തകൾ (മലബാർ പാരക്കീറ്റ്) വ്യാപകമായി ഏലം കൃഷി നശിപ്പിച്ചത്. കൂട്ടമായെത്തുന്ന തത്തകൾ ഏലത്തിന്റെ ഇളംകൂമ്പുകളും പൂവും കായും തിന്നു നശിപ്പിച്ചു. 200 ഏക്കറോളം സ്ഥലത്തെ ഏലം കൃഷിയിൽ തത്തക്കൂട്ടം നാശമുണ്ടാക്കിയെന്നാണു കണക്ക്. ഏലത്തിനു ചുറ്റും തണൽവല കെട്ടിയും പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണു കർഷകർ തത്തകളെ തുരത്തുന്നത്.തത്തശല്യത്തിന് അൽപം ശമനമുണ്ടായതോടെ ഒച്ചുകളാണ് ഇപ്പോൾ ഏലം കൃഷിയുള്ള മേഖലകളിൽ പുതിയ വെല്ലുവിളി. മുൻപു ബൈസൺവാലി, മുട്ടുകാട് മേഖലകളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായിരുന്നു. എന്നാൽ ഇപ്പോൾ സേനാപതി, ബൈസൺവാലി, നെടുങ്കണ്ടം, ശാന്തൻപാറ, കട്ടപ്പന, പാമ്പാടുംപാറ, ഇരട്ടയാർ, ആനവിലാസം, വണ്ടൻമേട്, ഉപ്പുതറ, പത്തുമുറി മേഖലകളിൽ ഒച്ചുകൾ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. 

കൃഷി നശിപ്പിക്കുന്ന പുള്ളിപ്പുൽച്ചാടികൾ (സ്പോട്ടഡ് ലോക്കസ്റ്റ്).
കൃഷി നശിപ്പിക്കുന്ന പുള്ളിപ്പുൽച്ചാടികൾ (സ്പോട്ടഡ് ലോക്കസ്റ്റ്).

ചെറിയ പുറംതോടുള്ള ഒച്ചുകളും പുറംതോട് ഇല്ലാത്ത ഇടത്തരം ഒച്ചുകളും രാത്രിയാണു വിളകൾ നശിപ്പിക്കുന്നത്. ഏലച്ചെടിയുടെ പൂക്കളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഒച്ചുകൾ മൂലമുണ്ടായ കൃഷിനാശത്തിന്റെ കണക്കുകൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിച്ചുവരികയാണ്.കാർഷിക മേഖലകളിൽ പെട്ടെന്നുണ്ടായ ഒച്ച് വ്യാപനത്തെക്കുറിച്ചു കാർഷിക സർവകലാശാലാ അധികൃതരും പഠനം നടത്തുന്നുണ്ട്.കൊന്നത്തടി, വാത്തിക്കുടി മേഖലകളിലാണു സമീപകാലത്തു വെട്ടുകിളിയോടു സാമ്യമുള്ള പുള്ളിപ്പുൽച്ചാടികൾ (സ്പോട്ടഡ് ലോക്കസ്റ്റ്) വ്യാപകമായി ഏലം കൃഷി നശിപ്പിച്ചത്. ആയിരക്കണക്കിനു പുൽച്ചാടികൾ ഒരേസമയം കൃഷിയിടത്തിലെത്തി ഏലത്തിന്റെ ഇലയും പൂക്കളും തിന്നു നശിപ്പിക്കുന്നു. എഴുപതോളം കർഷകരുടെ കൃഷിയിടത്തിൽ പുൽച്ചാടികൾ നഷ്ടമുണ്ടാക്കി. 5 മുതൽ 10 വരെ മില്ലിലീറ്റർ വേപ്പെണ്ണ ഒരു ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച ശേഷം തളിച്ചുകൊടുത്താണു കർഷകർ ഈ പുൽച്ചാടിക്കൂട്ടത്തെ തുരത്തിയത്.

English Summary:

Cardamom farmers in India's hilly regions face increasing challenges from invasive species like the Malabar parakeet, snails, and spotted locusts, alongside climate change impacts. The article explores the methods used to combat these pests, the resultant crop damage, and its effects on cardamom production and farmers’ livelihoods.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com