വ്യാജ എടിഎം കാർഡ് നൽകി പണം കവർന്നയാൾ പിടിയിൽ
Mail This Article
മറയൂർ ∙ കാഷ് ഡിപ്പോസിറ്റ് മെഷീനിൽ (സിഡിഎം) തുക നിക്ഷേപിക്കാനെത്തിയ കർഷകനെ സഹായിക്കുകയും വ്യാജ എടിഎം കാർഡ് നൽകി കബളിപ്പിച്ചു മറ്റൊരു എടിഎമ്മിൽ നിന്നു തുക പിൻവലിക്കുകയും ചെയ്ത കേസിലെ പ്രതി 7 മാസങ്ങൾക്കു ശേഷം പിടിയിൽ. ഒളിവിലായിരുന്ന പ്രതിയെ മറയൂർ പൊലീസ് മുണ്ടക്കയത്ത് നിന്ന് അറസ്റ്റ് ചെയ്തു. കണ്ണൂർ, ആലക്കോട് ഉദയഗിരി ഭാഗത്ത് കുന്നേൽ വീട്ടിൽ ഷിജു രാജാണ് (33) മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പിടിയിലായത്. കഴിഞ്ഞ മാർച്ചിൽ ഒരു ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയ കാന്തല്ലൂർ പെരടിപ്പള്ളം സ്വദേശി ദുരൈരാജിനെ (55) ബാങ്ക് ജീവനക്കാർ സിഡിഎം വഴി നിക്ഷേപം നടത്താനായി അയച്ചു.
സമീപത്തുണ്ടായിരുന്ന ഷിജു, ദുരൈരാജിനെ സിഡിഎമ്മിൽ നിക്ഷേപം നടത്താൻ സഹായിച്ചു. തുടർന്ന് ഷിജു ദുരൈരാജിനു കൈമാറിയത് ആലപ്പുഴ സ്വദേശിയുടെ എടിഎം കാർഡാണ്. കബളിപ്പിച്ചു കൈക്കലാക്കിയ ദുരൈരാജിന്റെ എടിഎം കാർഡുമായി മധുരയിലെത്തിയാണ് ഇയാൾ 72,000 രൂപ പിൻവലിച്ചത്. അനധികൃതമായി പണം പിൻവലിച്ചതിൽ ബാങ്കിലും പൊലീസിലും ദുരൈരാജ് പരാതി നൽകി. സാങ്കേതിക നൂലാമാലകളിൽ കുടുങ്ങിയ കേസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങിയിരുന്നില്ല.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഷിജു മുണ്ടക്കയം ഭാഗത്ത് ഒളിവിൽ കഴിയുന്നതായി വിവരം ലഭിക്കുകയും പൊലീസ് സ്ഥലത്തെത്തി ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ ടി.ആർ.ജിജുവിന്റെ നേതൃത്വത്തിൽ എഎസ് ഐ അനിൽ സെബാസ്റ്റ്യൻ, പ്രകാശ് നൈനാൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാർ ഭാഗത്തും പ്രതി സമാനമായ തട്ടിപ്പ് നടത്തിയിരുന്നു. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.